നമസ്കാരവും ആരോഗ്യവും


നമസ്കാരവും ആരോഗ്യവും


ഇസ്ലാമില്‍ നമസ്കാരത്തിന്റെ സ്ഥാനം ആര്‍ക്കും അജ്ഞാതമല്ല. ശാരീരികാരാധനകളില്‍ നമസ്കാരത്തേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സംഭാഷണമാണ് നമസ്കാരം. ഒരവസരം നബി ÷ തന്റെ അനുചരന്മാരോട് ചോദിച്ചു: നിങ്ങളില്‍ ഒരുത്തന്റെ വാതിലിന്നരികെ ശുദ്ധജല സമൃദ്ധമായൊരു നദി ഒഴുകുന്നുണ്ട്. പ്രതിദിനം അഞ്ചുപ്രാവശ്യം അവന്‍ അതില്‍ കുളിക്കുന്നു. എന്നാല്‍ അവന്റെ ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? ഇല്ലെന്നായിരുന്നു സ്വഹാബത്തിന്റെ ഏകസ്വരത്തിലുള്ള മറുപടി. തിരുനബി ÷ പറഞ്ഞു: 'അതാണ് അഞ്ചു സമയത്തെ നമസ്കാരത്തിന്റെ ഉദാഹരണം. അത് മൂലം പാപങ്ങളെ അല്ലാഹു മായ്ച്ച് കളയുന്നതാണ്' (ഹദീസ് ശരീഫ്).

പാപങ്ങള്‍ മനുഷ്യ ഹൃദയത്തിന് പുഴുക്കുത്തുകളുണ്ടാക്കുന്നു. ഓരോ പാപവും ഹൃദയത്തെ കറപിടിപ്പിക്കും. ആ കറകള്‍ തുടച്ച് നീക്കിക്കൊണ്ടേയിരിക്കണം. അല്ലാത്ത പക്ഷം ഹൃദയം ദുഷിക്കുകയും ദൈവസ്മരണയില്‍ നിന്ന് പാടെ അകലുകയും ചെയ്യും. നമസ്കാരം പാപങ്ങളെ പൊറുപ്പിക്കുവാനുള്ള ഒരുപാധിയാണ്. വന്‍ദോഷങ്ങളല്ലാത്തവ അതുമൂലം പരിഹൃതമാകുമെന്ന് നബിവചനത്തിലുണ്ട്. അപ്പോള്‍ ഇടവിട്ടിടവിട്ട് അനുഷ്ഠിക്കപ്പെടുന്ന നമസ്കാരം ഹൃദയത്തിലേല്‍ക്കുന്ന പാപത്തിന്റെ പാടുകള്‍ ഏതാണ്ടൊക്കെ കഴുകിക്കളയുന്നതാണ്. അതാണ് ഉപരിസൂചിത തിരുവചനത്തിന്റെ താല്‍പര്യം. വന്‍ദോഷങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ തൌബ(പശ്ചാത്താപം) കൂടാതെ കഴിയുകയില്ല. നമ്മുടെ ദേഹത്തില്‍ വെളഞ്ഞീര്‍ പോലുള്ള കറകള്‍ വല്ലതുമുണ്ടെങ്കില്‍ കുളിച്ചത് കൊണ്ട് മാത്രം അത് ശുദ്ധിയാവുകയില്ലല്ലോ. മണ്ണെണ്ണയോ മറ്റോ പുരട്ടി ഇളക്കിക്കളയുക തന്നെ വേണം. അതുപോലെയാണ് വന്‍ദോഷങ്ങള്‍. തൌബ കൂടാതെ ആ മാലിന്യങ്ങള്‍ നീങ്ങുകയില്ല. 
തൌബയില്ലാതെ മരണപ്പെട്ട വന്‍ദോഷിക്കു പൊറുത്തു കൊടുക്കല്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യകാര്യമല്ല. ഒരു പക്ഷേ, അല്ലാഹു പൊറുത്തു കൊടുത്തേക്കാം. ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. എന്നാല്‍ തൌബയില്ലാതെ ഒരു നിലക്കും അല്ലാഹു വന്‍ദോഷം പൊറുക്കില്ലെന്നാണ് മുഅ്തസിലികള്‍ പറയുന്നത്. (ശര്‍ഹുല്‍ അഖാഇദ്)

ബാഹ്യമായി തക്ബീര്‍ കൊണ്ടാരംഭിച്ച് സലാം കൊണ്ടവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകളുടെയും കര്‍മങ്ങളുടെയും സമുച്ചയമാണ് നമസ്കാരം. എന്നാല്‍ അതിന്റെ ആന്തരിക വശമാണ് പരമ പ്രധാനം. പ്രപഞ്ചനാഥന്റെ സമക്ഷത്തിലാണ് താന്‍ നില്‍ക്കുന്നത്, അവന്‍ തന്റെ ഹൃദയ വികാരങ്ങളെ നിരീക്ഷിക്കുന്നു എന്നിങ്ങനെയുള്ള ഏകാഗ്രചിന്ത കൂടാതെ നമസ്കാരം ചൈതന്യവത്താവുകയില്ല. മറ്റെല്ലാ ചിന്തകളില്‍ നിന്നും വിമുക്തനായി ഹൃദയത്തെ ദൈവചിന്തയില്‍ ഒതുക്കി നിറുത്തുക എന്ന് ഖുശൂഇ(ഭക്തി)നെ നിര്‍വചിക്കാം. ഈ ഏകാഗ്രചിന്തയുടെ അഭാവത്തില്‍ നമസ്കാരം വെറും ബാഹ്യപ്രകടനമായിത്തീരും. നമസ്കാരത്തിനുള്ളതായി ഖുര്‍ആനും ഹദീസും വിശദീകരിച്ച പുണ്യങ്ങള്‍ സിദ്ധമാവുകയില്ല. അല്ലാഹു പറയുന്നു: എന്നെ സ്മരിക്കുവാന്‍ വേണ്ടി നീ നമസ്കരിക്കുക (ഖുര്‍ആന്‍ 20:14). 

ആത്യന്തിക ദൈവസ്മരണ കൂടാതെ നമസ്കാരത്തിന്റെ ലക്ഷ്യം പ്രാപ്യമല്ലെന്ന് ഈ വിശുദ്ധവാക്യം ധ്വനിപ്പിക്കുന്നുണ്ട്. 'ഏകാഗ്രതയോടുകൂടി നമസ്കരിച്ച സത്യവിശ്വാസികള്‍ വിജയിച്ചു' (ഖുര്‍ആന്‍ 23:1) എന്ന ഖുര്‍ആന്‍ വാക്യം ഈ ആശയത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഏകാഗ്രചിന്തയാണ് നമസ്കാരത്തിന്റെ ഉദ്ദിഷ്ടഫലം ജനിപ്പിക്കുന്ന ഘടകം. ആരോഗ്യപരമായി നമസ്കാരത്തിന്റെ വൈശിഷ്ട്യം വിലയിരുത്തപ്പെടുന്നതും അതുള്‍ക്കൊള്ളുന്ന ഏകാഗ്രതയുടെ അടിസ്ഥാനത്തിലത്രെ. 
ആധുനികരുടെ ദൃഷ്ടിയില്‍ നമസ്കാരം ഒരു പഴഞ്ചന്‍ ആചാരമാണ്. അതോടൊപ്പം അപരിഷ്കൃതവും. പക്ഷെ, നമസ്കാരാദി ധ്യാന കര്‍മങ്ങളുടെ മഹത്ത്വം ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. ധ്യാന കര്‍മങ്ങളുടെ അദ്ഭുത ശക്തിയെക്കുറിച്ച് പരീക്ഷണം നടത്തിയ 'ഹാര്‍വേര്‍ഡ്' മെഡിക്കല്‍ സ്കൂളിലെ ഗവേഷണ സംഘത്തെ നയിക്കുന്ന പ്രസിദ്ധ ഹൃദ്രോഗ ചികിത്സാവിദഗ്ദന്‍ ഡോ. ഹാര്‍ബര്‍ട്ട് ബെന്‍സന്‍ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്: ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികകളേക്കാള്‍ ഫലപ്രദമാണ്. ദുര്‍ജ്ഞേയമായ ഒന്നുമില്ല. മനുഷ്യശരീരത്തിലുണ്ടാകുന്ന എല്ലാ രാസമാറ്റങ്ങളും ഭൌതിക മാറ്റങ്ങളും കുറക്കുവാന്‍ ഏകാഗ്ര ധ്യാനത്തിന് കഴിവുണ്ട്. അസന്നിഗ്ദമായ വസ്തുതയാണിത്.

ഡോ. ഹെര്‍ബര്‍ട്ട് ബെന്‍സന്റെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പലരും ധ്യാനപരീക്ഷണത്തിന് വിധേയമാവുകയുണ്ടായി. അവര്‍ക്ക് ധ്യാനപരിശീലനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് ശേഷം ദിവസം രണ്ടുനേരം 20 മിനുട്ട് വീതം ഏകാഗ്രമായി ധ്യാനിക്കുവാന്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഈ പരീക്ഷണത്തിന് വിധേയമാകുന്നവര്‍ രോഗവിമുക്തിക്ക് വേണ്ടിയോ മാനസികോല്ലാസത്തിന് വേണ്ടിയോ ഏതെങ്കിലും ഔഷധമോ ലഹരി മരുന്നോ കഴിക്കുന്നവരാണെങ്കില്‍ ധ്യാനപരിശീലനം തുടങ്ങുന്നതിന്റെ 15 ദിവസം മുമ്പ് ആ വക മരുന്നുകളെല്ലാം ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 
ഇങ്ങനെയുള്ള ഏകാഗ്ര ധ്യാനത്തിന് ശേഷം-അഥവാ പ്രാര്‍ഥനക്ക് ശേഷം-നടത്തിയ പരീക്ഷണങ്ങളില്‍ അതിന് വിധേയമായവരുടെ രക്തിത്തിലെ 'ലാക്ടേറ്റ്' നില താണിരിക്കുന്നതായി കണ്ടു. ഇതോടെ പ്രശാന്തമായ ഒരു നിര്‍വൃതി അനുഭവപ്പെട്ടതായും അവര്‍ പറഞ്ഞു. അകാരണമായ ഭയം, സംഭ്രമം, മനസ്സിന്റെ പിരിമിറുക്കം മുതലായവയാല്‍ അസ്വസ്ഥമാകുന്നവരുടെ രക്തത്തിലെ ലാക്ടേറ്റ് നിലവാരം ഉയര്‍ന്നിരിക്കുമെന്നും ഈ വക രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരുടെ രക്തത്തില്‍ ലാക്ടേറ്റ് അമിതമായി കുത്തിവെച്ചാല്‍ മേല്‍പറഞ്ഞ രോഗലക്ഷണങ്ങളുണ്ടാകുമെന്നും നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. (ലാക്ടേറ്റ് രക്തത്തില്‍ അടിഞ്ഞു കൂടുന്നത് എങ്ങനെയാണെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാംസപേശികള്‍ക്ക് വേണ്ടത്ര പ്രാണവായു വിതരണം ചെയ്യപ്പെടാതെ വരുമ്പോഴാണ് ലാക്ടേറ്റ് രക്തത്തില്‍ വര്‍ദ്ധിക്കുന്നതെന്നാണ് ചില ഗവേഷകരുടെ വിശ്വാസം.)

മേല്‍ പറഞ്ഞ ധ്യാന പരീക്ഷണത്തിന്റെ വിജയം ഏറ്റവും അഭികാമ്യമാകുന്നത് മനഃക്ളേശം മൂലം മരുന്നുകള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കാണെന്ന് തെളിഞ്ഞിരിക്കുന്നു. ഡോ. ബെന്‍സന്റെ ഈ നിയമം മൂന്ന് മാസത്തില്‍ കൂടുതല്‍ പിന്തുടര്‍ന്ന 1950 ആളുകള്‍ക്ക് വിശദമായൊരു പ്രശ്നാവലി അയച്ചുകൊടുത്തു. അമേരിക്കയിലെ മുപ്പതോളം സര്‍വകലാശാലകളില്‍ പഠിക്കുന്നവരായിരുന്നു അവരില്‍ ഭൂരിഭാഗവും. പതിനാലിനും എഴുപതിനും മധ്യേ പ്രായമുള്ള അവരുടെ മറുപടികളുടെ വെളിച്ചത്തിലാണ് ഡോ. ബെന്‍സന്റെ പുതിയ തത്വം ജന്മം കൊണ്ടത്. ഇരുപത്തൊന്ന് മാസത്തെ ധ്യാന പരീശീലന ചികിത്സക്ക് ശേഷം മരിജുവാന, എല്‍.എസ്.ഡി. മുതലായ മയക്കുമരുന്നുകളുടെ അടിമകളായിരുന്നവരില്‍ 95.9 ശതമാനം ആളുകളും പ്രസ്തുത മാരക വസ്തുക്കളുടെ ക്രൂരഹസ്തങ്ങളില്‍ നിന്ന് മോചനം നേടിയതായി കാണപ്പെട്ടു. 

ഡോ. ബെന്‍സന്റെ ഈ തത്ത്വമനുസരിച്ച് നമസ്കാരത്തിന്റെഇത്തരമൊരു തത്ത്വം ആവിഷ്കരിക്കുവാന്‍ ഡോ. ബെന്‍സനെ പ്രേരിപ്പിച്ചത് തന്നെ ഇസ്ലാമിലെ നമസ്കാരമെന്ന ധ്യാനകര്‍മ്മമാണെന്ന് അനുമാനിക്കുന്നതില്‍ അസാംഗത്യമില്ല. ധ്യാനപരീക്ഷണത്തിന് വിധേയമാകുന്നവര്‍ക്ക് അദ്ദേഹം നല്‍കിയ ചില നിര്‍ദ്ദേശങ്ങളും ധ്യാനത്തിന് അദ്ദേഹം ക്ളിപ്തപ്പെടുത്തിയ നിമിഷങ്ങളും ഈ അനുമാനത്തെ ബലപ്പെടുത്തുന്നു. പ്രതിദിനം 40 മിനിട്ട് ധ്യാനിക്കുവാനാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ഇസ്ലാം നിര്‍ബന്ധമാക്കിയ അഞ്ചുസമയത്തെ നമസ്കാരത്തിന് ആകെ വേണ്ടിവരുന്ന സമയമാണ് ഈ 40 മിനുട്ട്. തീരെ ഹ്രസ്വീകരിക്കാതെയും കൂടുതല്‍ ദീര്‍ഘിപ്പിക്കാതെയും അഞ്ചു സമയത്തെ നമസ്കാരത്തിന് ഇത്രയും നിമിഷങ്ങള്‍ വേണ്ടി വരുമെന്ന് ആരും സമ്മതിക്കും. ധ്യാനപരീക്ഷണത്തിന് വിധേയമാകുന്നവര്‍ അതിന്റെ പതിനഞ്ച് ദിവസത്തിന് മുമ്പ് തന്നെ ലഹരിമരുന്നുകളും മാനസികോല്ലാസത്തിനുള്ള ഔഷധങ്ങളും വര്‍ജിക്കണം എന്ന ഡോ. ബെന്‍സന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. 'നിങ്ങള്‍ ലഹരിബാധിതരായ നിലയില്‍ നമസ്കാരത്തെ സമീപിക്കരുത്' (ഖുര്‍ആന്‍ 4:43) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ് ഈ തത്വമെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ? 

വില്യം മുള്‍ട്ടന്‍മാര്‍സ്റിന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ റീഡേഴ്സ് ഡൈജസ്റില്‍ എഴുതുന്നു: ജീവിതത്തിന്റെ നാനാ തുറകളിലും ഏകാഗ്രമായി ചിന്തിക്കാന്‍ കഴിവ് നേടിയവരാണ് മഹാന്മാര്‍. നേതാവോ മഹാനോ ആയ വ്യക്തി താന്‍ നിര്‍വഹിക്കാന്‍ പോകുന്ന ഏക പ്രവൃത്തിയില്‍ ഒരു നിശ്ചിത സമയം മുഴുശ്രദ്ധയും പിടിച്ചുനിറുത്തും. ഈ ഏകാഗ്രചിന്താശേഷി നമ്മില്‍ പലര്‍ക്കും ഇല്ല. പലതരം ചിന്തകളും അസ്വസ്ഥതകളും നമ്മുടെ ഏകാഗ്രതയെ തകര്‍ക്കുന്നു. മനുഷ്യബുദ്ധി ശക്തവും തീവ്രവുമായി കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ അത് കിടയറ്റ ഒരു വജ്രായുധമായിത്തീരും. പരിശീലനത്തിലൂടെ ഈ കഴിവ് നേടാം. പരിശീലനത്തിനും ക്ഷമ വേണം. ചിതറിപ്പോകാതെ ചിന്തയെ ഒരേ ബിന്ദുവില്‍ ശക്തമായി കേന്ദ്രീകരിക്കാന്‍ നിരന്തര യത്നം കൊണ്ടേ കഴിയൂ. കൈയാളാന്‍ കരുതുന്ന വിഷയത്തിലേക്ക് അമ്പതോ നൂറോ തവണ മനസ്സിനെ തുടരെത്തുടരെ തിരിച്ചുവിട്ടാല്‍ ശിഥില ചിന്തകള്‍ അതിന് വഴിമാറിക്കൊടുക്കും. ഉദ്ദേശിക്കുന്ന ഏത് കാര്യത്തിലും ചിന്തയെ യഥേഷ്ടം ഒതുക്കി നിറുത്താന്‍ ഒടുവില്‍ നീ പ്രാപ്തനാകും. 

ഇസ്ലാമിലെ നമസ്കാരം ഏകാഗ്ര ചിന്താശേഷി വളര്‍ത്താന്‍ പര്യാപ്തമാണെന്ന് നമുക്ക് തീര്‍ത്ത് പറയാം. നമസ്കാരത്തില്‍ വ്യാപൃതമാകുന്ന സമയമത്രയും സര്‍വകഴിവും ഉപയോഗിച്ച് മനസ്സിനെ ദൈവത്തില്‍ പിടിച്ചുനിറുത്തുന്ന വ്യക്തിയില്‍ ഏകാഗ്രചിന്താശക്തി വളരുകയും അവന്‍ ഏര്‍പ്പെടുന്ന എല്ലാ സംരംഭങ്ങളിലും അത് വലിയ സഹായകമായി ഭവിക്കയും ചെയ്യുമെന്നതില്‍ സംശയമില്ല. മനസ്സിന്റെയും ശരീരത്തിന്റെയും കൂട്ടായ പ്രയത്നം ചിന്താശൈഥില്യത്തെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് വില്യം മുള്‍ട്ടന്റെ തന്നെ അഭിപ്രായം ഈ ആശയത്തെ കൂടുതല്‍ ദൃഢീകരിക്കുന്നുണ്ട്. മനുഷ്യ മനസ്സിനെ കുറിച്ച് നടത്തിയ പഠനങ്ങള്‍ പലതും നമസ്കാരത്തിന്റെയും പ്രാര്‍ഥനയുടെയും പ്രയോജനം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു.
ന്യൂയോര്‍ക്കിലെ തൊഴില്‍ദാന സംഘടന തൊഴില്‍രഹിതരായ 15321 സ്ത്രീ പുരുഷന്മാരെ മാനസിക പഠനത്തിന് വിധേയരാക്കി. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തൊഴിലിലേക്ക് അവരെ തിരിച്ചുവിടുക എന്നതായിരുന്നു ലക്ഷ്യം. ഇതിന് മേല്‍നോട്ടം വഹിച്ച് പദ്ധതി തയ്യാറാക്കാന്‍ നിയുക്തനായ പൊന്‍ട്രിലിങ്ക് എന്ന മനഃശാസ്ത്രഗവേഷകന്‍ ഇങ്ങനെ എഴുതുന്നു: മനുഷ്യജീവിതത്തെ സംബന്ധിച്ച് മതവിശ്വാസത്തിന്റെ പ്രയോജനം എനിക്ക് വേണ്ടത്ര ബോധ്യമായത് ഈ സന്ദര്‍ഭത്തിലാണ്. മതത്തില്‍ വിശ്വസിക്കുകയോ പള്ളിയില്‍ പോവുകയോ ചെയ്യുന്നവര്‍ മതവും ആരാധനയുമില്ലാത്തവരെ അപേക്ഷിച്ച് ശക്തവും ഉത്തമവുമായ വ്യക്തിത്വമുള്ളവരാണെന്ന് ഞാന്‍ കണ്ടു.

ചിലര്‍ പ്രഹസനമായും മറ്റു ചിലര്‍ ശിര്‍ക്കായും മുദ്രയടിച്ച ദിക്റിന്റെ ഹല്‍ഖകളുടെയും മറ്റും ആരോഗ്യവശം ഡോ. ബെന്‍സന്റെ ധ്യാനപരീക്ഷണത്തില്‍ നിന്ന് ഗ്രഹിക്കാം. ഏകാഗ്രധ്യാനത്തിന്റെ പരിധിയില്‍ നിന്ന് പുറത്തല്ല അവ. അല്ലാഹുവിനെ സംഘടിതമായി ധ്യാനിക്കുകയാണല്ലോ അവയുടെ ലക്ഷ്യം. വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് അല്ലാഹുവിന്റെ ആരിഫീങ്ങള്‍ പതിവാക്കിയിരുന്നതാണ് ദിക്റുകള്‍. അവയെല്ലാം അല്ലാഹുവിനെ ധ്യാനിക്കലും അവനെ വാഴ്ത്തലുമാകുന്നു. ആത്മിക ഉന്നതിക്ക് പുറമെ ശരീരാരോഗ്യവും മാനസികോത്തേജനവും അതുവഴി സിദ്ധമാകുമെന്ന് ഇപ്പോള്‍ തെളിഞ്ഞുവല്ലോ? ഇത്തരം ആരോഗ്യവശങ്ങള്‍ ദീര്‍ഘദൃക്കുകളായ ആരിഫീങ്ങള്‍ അത്കൊണ്ട് ഉദ്ദേശിച്ചിട്ടില്ലെന്ന് ആരറിഞ്ഞു?

copied
കടപ്പാട്

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات