മുത്ത്വലാഖ്.. എന്ത്? എന്തിന്?

അബൂബകർ സഖാഫി അരിക്കോട്

വിവിധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലർത്തുന്ന നിരവധി സുഹൃത്തുക്കൾ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിൻറെ സ്വാഗതം ചെയ്യൽ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിൻറെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവർത്തകരുമൊക്കെ സ്വാഗതം ചെയ്തതിൻറെ കാര്യകാരണങ്ങളാണ്  മനസ്സിലാകാത്തത്. നിഷ്കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകൾ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി സ്വാഗതം ചെയ്യുന്നവർ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

1)ഇസ്ലാമിലെ മുത്വലാഖ് എന്നാൽ എന്താണ്? അതിൻറെ നിബന്ധനകൾ, അനുബന്ധ നിയമങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ പഠിച്ചിട്ടാണോ നിങ്ങൾ അഭിപ്രായ പ്രകടനം നടത്തുന്നത്?

2)നിങ്ങൾ ധരിച്ച് വെച്ചിരിക്കുന്ന ഇസ്ലാമിലെ മുത്വലാഖ് നിയമത്തെ നിങ്ങൾ ഇസ്ലാമിൻറെ ഏത് ആധികാരിക ടെക്സ്റ്റിൽ/പണ്ഡിതരിൽ നിന്നാണ് പഠിച്ചത്?

3)ഇസ്ലാമിക കർമ്മ ശാസ്ത്രം വിഭാവനം ചെയ്യുന്ന മുത്വലാഖിൻറെ പ്രശ്നങ്ങളും പരിമിതികളും എന്താണ്?
മുത്വലാഖിനെക്കാൾ ഇവിടുത്തെ മറ്റ് മതങ്ങളടക്കമുള്ളവയുടെ വിവാഹമോചന നിയമങ്ങളുടെ പോസിറ്റീവ് വശങ്ങൾ എന്തൊക്കെയാണ്?

4)പുതിയ വിധിയെ മുസ്ലിംവിരുദ്ധരും മുസ്ലിം അല്ലാത്തവരും ഇസ്ലാം പ്രാക്ടീസ് ചെയ്യാത്ത മുസ്ലിംകളും കൂടുതലായി ആഘോഷിക്കുകയും ഇസ്ലാം പ്രാക്ടീസ് ചെയ്യുന്ന ഭൂരിപക്ഷം മുസ്ലിംകൾ വിധിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്?

5)ഒരു വിധിയെ ആഘോഷിക്കുമ്പോൾ മിനിമം അത് അടിച്ചേൽപ്പിക്കപ്പെടുന്ന വിഭാഗത്തിൻറെ ഭൂരിപക്ഷ വികാരമെങ്കിലും പരിഗണിക്കപ്പെടേണ്ടതില്ലേ?

ഈ ചോദ്യങ്ങൾ വെറുതെ സ്വയം ചോദിക്കുക..

*ത്വലാഖ് നിയമം എന്തിന്?*

വിവാഹബന്ധം വേർപെടുത്തൽ അനിവാര്യമായി വന്നാൽ അതിനുള്ള മാർഗങ്ങളും നിയമങ്ങളും  ആവശ്യമാണ്. മനസ്സിൽ നിന്നല്ലാത്ത ഒരുമയും സ്നേഹവും അഭിനയിച്ച് ജീവിക്കാൻ കഥയോ സിനിമയോ അല്ല ജീവിതം. ദാമ്പത്യ ബന്ധം ഒരു തരത്തിലും തുടർന്ന് പോകാൻ കഴിയാതിരിക്കുകയും കുടുംബ ജീവിതം ഭാരവും പീഢനവുമായിത്തീരുകയും ചെയ്താൽ വിവാഹമോചനം അനിവാവാര്യമായി വരുമ്പോൾ അവിടെ സാമൂഹ്യ ബദ്രതക്കും സ്ത്രീയുടെ സുരക്ഷിതത്വത്തിനും ഇസ്ലാം നിഷ്കർഷിക്കുന്ന നിയമങ്ങളെയും നിബന്ധനകളെയുമാണ് 'ത്വലാഖ്' എന്ന് പറയുന്നത്. ഇസ്ലാമിൽ വിവാഹം ചെയ്യാനും വേർപ്പെടുത്താനുമൊക്കെ ചില നിബന്ധനകളുണ്ട്. അവ മനുഷ്യ ജീവിതത്തിലെ പ്രകൃതി പരമായ അനിവാര്യതകളാണ് താനും. ചില സ്ഥലങ്ങളിൽ 'ഇവിടെ തുപ്പുക' എന്ന് ബോർഡ് വെച്ച ബോക്സുകൾ കാണാം. അതിനർത്ഥം എല്ലാവരും അവിടെ വന്ന് തുപ്പണം എന്നല്ല. തുപ്പാൻ അത്യാവശ്യമുള്ളവർ അവിടെ മാത്രമേ തുപ്പാവൂ എന്നാണ്. ഇസ്ലാമിലെ ബഹുഭാര്യത്വ, ത്വലാഖ് നിയമങ്ങൾ അങ്ങനെയാണ്. ഒരു പെണ്ണ് ഭാര്യയും പിന്നെ കുറേ അവിഹിത ബന്ധങ്ങളും ഇസ്ലാം അനുവദിക്കുന്നില്ല. എന്തെങ്കിലും പ്രകൃതിപരമായ കാരണങ്ങളാൽ മറ്റൊരു പെണ്ണ് ആവശ്യമായി വന്നാൽ അവളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കണിശമായ നിയമങ്ങൾ ഇസ്ലാം അവിടെ നിഷ്കർശിക്കുകയാണ്. അതിന് ഒരുപാട് പരിധികളും നിബന്ധനകളും ഉണ്ട്. ത്വലാഖും തഥൈവ. മറ്റാരെയെങ്കിലും പോലെ പോലെ തോന്നുമ്പോൾ ഒഴിവാക്കാനും തോന്നുമ്പോൾ തിരിച്ചെടുക്കാനും പറ്റിയ കളിയായിട്ടല്ല ഇസ്ലാം ഇതിനെ സമീപിക്കുന്നത്. വിവാഹം മോചനം അനിവാര്യമായി തീരുമ്പോൾ തന്നെ ഒരുപാട് നിബന്ധനകളോട് കൂടിയും സ്ത്രീയുടെ സുരക്ഷ ഉറപ്പ് വരുത്തിയുമാണ് ഇസ്ലാം അനുവദിക്കുന്നത്.
"മാനുഷികമായ പ്രശ്നങ്ങളിൽ പ്രായോഗികവും യാഥാർത്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്ലാം വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അവസാന പോംവഴി എന്ന നിലയിൽ അനിവാര്യമായ തിന്മയായി പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് അനുവദിക്കുന്നത്" എന്നാണ് മുത്വലാഖിനെ കുറിച്ച് ഗവേഷണപഠനം നടത്തി ഗ്രന്ഥം രചിച്ച ഡോ.ജാനക് രാജ് എഴുതുന്നത്.

*എന്താണ് മുത്വലാഖ്?*

'തലാഖ്,തലാഖ്,തലാഖ് എന്നിങ്ങനെ മൂന്ന് തവണം പറഞ്ഞാൽ വിവാഹം ബന്ധം മുറിയുന്ന നിയമമൊന്നും നമ്മുടെ രാജ്യത്തിൻറെ പാരമ്പര്യത്തിന് യോജിച്ചതല്ലെ'ന്നാണ് പ്രധാനമന്ത്രി  പ്രസംഗിച്ചത്. അത് രാജ്യത്തിൻറെ പാരമ്പര്യത്തിന് യോജിച്ചാലും ഇല്ലെങ്കിലും ഇസ്ലാമിക ശരീഅത്ത് വിവക്ഷിക്കുന്ന ത്വലാഖ് ആകില്ല, വിവാഹം വേർപെടില്ല. മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ടതാണ് ത്വലാഖെന്നാണ് ഇസ്ലാം താൽപര്യപ്പെടുന്നത്. ഒന്നാം ത്വലാഖ് ചൊല്ലിയാൽ ഭാര്യ ഇദ്ദ അനുഷ്ഠിക്കണം. ആർത്തവങ്ങൾക്കിടയിലെ മൂന്ന് ശുദ്ധികാലം/ ആർത്തവമില്ലാത്തവളാണെങ്കിൽ മൂന്ന് മാസം/ ഗർഭിണിയാണെങ്കിൽ പ്രസവംവരെയുമാണ് ഇദ്ദ അനുഷ്ഠാന കാലം. അതായത്, അത്രയും കാലം ഭർത്താവിൻറെ വീട്ടിൽ അയാളുടെ ചെലവിൽ തന്നെ ഭാര്യ കഴിയണം. പക്ഷെസഹജീവിതം പറ്റില്ല. സ്വാഭാവികമായും ഈ കാലയളവിൽ ഇവർക്കിടയിൽ പിരിമുറുക്കങ്ങളിൽ അഴവ് വരാനും രമ്യതയിലെത്തി അവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കാനുമുള്ള സാധ്യതകൾ ഏറെയുണ്ട്. അങ്ങനെ വന്നാൽ അവർക്ക് ഔപചാരിക വിവാഹത്തിൻറെ നിബന്ധനകളൊന്നും കൂടാതെ അവളെ തിരിച്ച് ഭാര്യയായി സ്വീകരിക്കുന്നതായി അവളോട് പറഞ്ഞ് വിവാഹബന്ധം പുനസ്ഥാപിക്കാവുന്നതാണ്. ഈ രീതിയിലുള്ള രണ്ട് അവസരങ്ങളാണ് ഇസ്ലാം അനുവദിക്കുന്നത്. മൂന്നാം തവണയും ത്വലാഖ് ചൊല്ലിയാൽ പിന്നെ സാധാരണ പോലെ തിരിച്ചെടുക്കാൻ അവസരമില്ല. അപ്പോഴേ ശരിക്ക് ഇവിടെയുള്ള ഇതര ആക്ടുകളിലൊക്കെ വിവാഹമോചനം (Divorce) എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നുള്ളൂ. അത്രയും അവധാനതയോടെയാണ് ഇസ്ലാം വിവാഹമോചന നിയമം സംവിധാനിച്ചിട്ടുള്ളത്.
ഇനി ഒരു നിലക്കും മുന്നോട്ട്പോകുന്നതിനെ കുറിച്ചുള്ള ആലോചനക്ക് ഇടമില്ലെങ്കിൽ മൂന്നും ഒരുമിച്ച് ഉപയോഗിക്കാനുള്ള അവസരവും ഇസ്ലാം നൽകുന്നു. അത് പ്രധാനമന്ത്രി തെറ്റുദ്ധരിപ്പിക്കുന്നത് പോലെ 'തലാഖ്..തലാഖ്..തലാഖ്..' എന്ന് പറഞ്ഞത് കൊണ്ടൊന്നും സംഭവിക്കില്ല. "എൻറെ ഭാര്യയായ ഇന്നവളെ ഞാൻ മൂന്ന് ത്വലാഖും ചൊല്ലി" എന്ന് ഒരാൾ പറഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്താം. അങ്ങനെ മൂന്ന് അവസരവും ഒരുമിച്ച് ഉപയോഗിക്കുന്നതിനെയാണ് ചിലർ 'മുത്വലാഖ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു 'എമർജൻസി എക്സിറ്റ് ഡോർ' മനുഷ്യൻറെ സുഗമമായ ജീവിതത്തിന് അനിവാര്യമാണല്ലോ. വിമാനത്തിൻറെ എമർജൻസി എക്സിറ്റ് വഴിയിലൂടെ ആരെങ്കിലും അകാരണമായി ചാടി അപകടം സംഭവിച്ചാൽ തന്നെ അങ്ങനെയൊന്ന് വേണ്ടെന്ന് വെക്കാനാവുമോ. ഇസ്ലാമിൻറെ നിയമങ്ങൾ സമഗ്രവും സമ്പൂർണ്ണവുമാണ്. അത് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ കൃത്യമായ മതപഠനത്തിനും ബോധവൽകരണത്തിനും മതനേതൃത്വത്തിന് പിന്തുണ നൽകുകയാണ് സർക്കാറുകൾ ചെയ്യേണ്ടത്.
അറബ് സമൂഹത്തിൽ ഭാര്യമാരെ തോന്നുമ്പോൾ വിവാഹമോചനം നടത്തിയും തോന്നുമ്പോൾ തിരിച്ചെടുത്തും പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് കൃത്യമായ നിയമങ്ങളില്ലാത്തത് സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കി. ഇസ്ലാമിൻറെ ത്വലാഖ് നിയമങ്ങളാണ് അവർക്ക് പരിരക്ഷയൊരുക്കിയത്. മൂന്ന് ത്വലാഖ് ചൊല്ലിയാൽ പിന്നെ നിരുപാധികം തിരിച്ചെടുക്കാനാവില്ലെന്ന് ഇസ്ലാം നിയമം വെച്ചു. മൂന്നും ചൊല്ലിയാൽ പിന്നെ തിരിച്ചെടുക്കണമെന്ന് തോന്നിയാലും ആ സ്ത്രീയെ മറ്റൊരാൾ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട് സ്വയം ഇഷ്ടപ്രകാരം ഒഴിവാക്കി അതിൻറെ ഇദ്ദ അനുഷ്ഠാനകാലവും കഴിഞ്ഞാലേ സാധിക്കുകയുള്ളൂ എന്ന ശക്തമായ നിയമം തന്നെ ഇസ്ലാം കൊണ്ട് വന്നു. വിവാഹമോചനം എന്നത് നിസ്സാരമായി കണ്ട് അതുപയോഗിച്ച് കുടുംബിണികളെ പേടിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇതോടെ അവസാനിച്ചു. ത്വലാഖ് നിയമം ഇസ്ലാമിൻറെ മേന്മയും സമഗ്രതക്ക് തെളിവുമാണ്. ശാസ്ത്രീയമായ വിവാഹമോചന നിയമമാണ് ഇസ്ലാം ത്വലാഖിലൂടെ വിഭാവന ചെയ്യുന്നത്.

*രാജ്യത്തിൻറെ ബഹുത്വം തകർക്കരുത്.....*

ഇസ്ലാമിൽ നാല് കർമ്മശാസ്ത്ര ധാരകളാണുള്ളത് (മദ്ഹബുകൾ). ഹനഫി, ശാഫിഈ, ഹമ്പലീ, മാലികീ എന്നിവയാണത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹനഫി മദ്ഹബുകാരാണെങ്കിലും കേരളത്തിലും ബട്കൽ,രത്ഞഗിരി തുടങ്ങിയ കൊങ്കൺ തീരങ്ങളിലും ശാഫിഈകളാണ് ബഹുഭൂരിപക്ഷം. നാല് മദ്ഹബുകളും മുത്വലാഖിനെ ഐക്യഖണ്ഡേന അംഗീകരിക്കുന്നു. മൂന്നും ഒരുമിച്ച് ചൊല്ലൽ ഹനഫി മദ്ഹബിൽ കുറ്റകരം(ഹറാം) ആണെങ്കിലും അതോടെ വിവാഹ ബന്ധം വേർപ്പെടും. മുത്വലാഖിലൂടെ വിവാഹ ബന്ധം വേർപ്പെടുമെന്ന കാര്യത്തിൽ മദ്ഹബുകൾക്കിടയിൽ അഭിപ്രായ വിത്യാസമില്ല.
ഇത്തരമൊരു വിഷയത്തിൽ കോടതി ഇടപെടുന്നത് നമ്മുടെ രാജ്യത്തിൻറെ അടിസ്ഥാന തത്വങ്ങളിലൊന്നായ ബഹുത്വത്തെ ബാധിക്കും. ഏകതയുടെ പേരിൽ ഏതുതരത്തിലുള്ള മേൽക്കോയ്മകളും അടിച്ചേൽപിക്കാൻ ശ്രമങ്ങളുണ്ടായപ്പോഴെല്ലാം നമ്മുടെ സമാധാന ജീവിതത്തെ അത് ബാധിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യ ഘടനയുടെ ആന്തരസത്തയെ തന്നെ ബാധിക്കുന്നതാണ് മുത്വലാഖ് നിരോധനം പോലുള്ള വിശ്വാസികളുടെ സിവിൽ നിയമ ലംഘനങ്ങൾ. 1937 ൽ ബ്രിട്ടീഷുകാർ കൊണ്ട് വന്ന ശരീഅത്ത് ആക്ട് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതാണ്. വിശ്വാസികളുടെ മതപരമായ അവകാശങ്ങൾക്ക് നേരെയുള്ള ഈ കടന്നുകയറ്റങ്ങൾ ഇന്ത്യയുടെ ആത്മാവിനെ തന്നെ സാരമായി ബാധിക്കുന്നതാണ്.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات