അജ്മീർ ഖാജാ (ഖ.സി)

ഇസ്മാഈല്‍ മുണ്ടക്കുളം

സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേരില്‍ വിശ്രുതി നേടിയ ആത്മജ്ഞാനിയാണ് ശൈഖ് മുഈനുദ്ദീന്‍ ഹസനു ബ്നു ഹസനുസ്സന്‍ജരി(റ). ഇറാനിലെ സജസ്ഥാന്‍ എന്ന പ്രദേശത്ത് സയ്യിദ് ഗിയാസുദ്ദീന്‍ (റ)- സയ്യിദ: ഉമ്മുല്‍ വറഅ്മാഹനൂര്‍ ദമ്പതികളുടെ മകനായി ഹിജ്റ 537 റജബ് 14 നാണ് മഹാന്‍ ജനിച്ചത്. പണ്ഡിതനും ഭക്തനും സഞ്ചര്‍ പ്രവിശ്യയിലെ മതകാര്യ ഉപദേഷ്ടാവുമായിരുന്നു പിതാവ്. മതനിയമങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും അനുഗ്രഹീത ജീവിതം നയിക്കുകയും ചെയ്ത മഹിളാരത്നമായിരുന്നു മാതാവ്.
മഹാനെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ പല അത്ഭുത സംഭവങ്ങളും പ്രകടമായിരുന്നു. കുടുംബത്തിന് മുമ്പില്ലാത്ത വിധം ക്ഷേമങ്ങളും അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ബദ്ധവൈരികള്‍ മിത്രങ്ങളായി വര്‍ത്തിച്ചു തുടങ്ങി. ആത്മാവ് ഊതിയതിനു ശേഷം രാത്രി മുതല്‍ സൂര്യോദയം വരെ വയറ്റില്‍ നിന്ന് തസ്ബീഹ്, തഹ്ലീല്‍ എന്നിവ വ്യക്തമായി കേള്‍ക്കുമായിരുന്നു. ഇത്തരം അനേകം സംഭവങ്ങള്‍ മാതാവ് വറഅ്മാഹനൂര്‍ ബീവി ഓര്‍ക്കുന്നുണ്ട്.
ആത്മീയവും ഭൗതികവുമായ പ്രശ്ന പരിഹാരങ്ങള്‍ക്ക് മാതാപിതാക്കളെ സമീപിക്കുന്ന ജനങ്ങള്‍ മുഴുവന്‍ മുലകുടി പ്രായമെത്തിയ ശൈഖ് (റ) വിന്‍റെ അസാധാരണത്വം തിരിച്ചറിഞ്ഞിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയും പാകതയുമുള്ള പിഞ്ചു പൈതലിനെ കാണാന്‍ വരുന്നവരുടെ തിരക്ക് അനിയന്ത്രിതമായിരുന്നു. സന്ദര്‍ശകരായെത്തുന്ന സ്ത്രീകളുടെ കൈകുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ ശിശുവായ ശൈഖ് (റ) സ്വന്തം മാതാവിനോട് തന്‍റേതായ ഭാഷയില്‍ അമ്മിഞ്ഞ കൊടുക്കാന്‍ പറഞ്ഞിരുന്നു. തനിക്കര്‍ഹതപ്പെട്ട മുലപ്പാല്‍ കുടിച്ച് വയര്‍ നിറഞ്ഞിരുന്ന കുട്ടികളെ കാണുന്നതിലായിരുന്നു ശൈഖ്(റ) ആനന്ദം കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിലെ കുട്ടികള്‍ അസുഖബാധിതരായാല്‍ ഉമ്മമാര്‍ അവരെയെടുത്ത് ബാലനായ ഖാജാ(റ)വിന്‍റെ അരികില്‍ വന്ന് പ്രതിവിധി തേടിയിരുന്നു. ഇപ്രകാരം ശൈശവ ദശയില്‍ തന്നെ സര്‍വ്വരുടെയും ആശാകേന്ദ്രമായി അവിടുന്ന് മാറിത്തുടങ്ങി.
മാതാപിതാക്കളില്‍ നിന്ന് പ്രാഥമിക വിദ്യ നുകര്‍ന്ന് വൈജ്ഞാനിക ജീവിതം നയിക്കുന്നതിനിടയില്‍ ദൗര്‍ഭാഗ്യകരമായ യുദ്ധം കുടുംബത്തെ ഖുറാസാനിലെ നിഷ്പൂരിലേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. അവിടെ മുന്തിരത്തോട്ടം വിലക്കു വാങ്ങി, ജീവിതോപാധി കണ്ടെത്തി സ്ഥിരവാസമുറപ്പിച്ചെങ്കിലും അധികനാള്‍ കഴിയുന്നതിനു മുമ്പ് പിതാവ് ഗിയാസുദ്ധീന്‍(റ) ഇഹലോക വാസം വെടിഞ്ഞു. അനന്തരം മാതാവിന്‍റെ സംരക്ഷണത്തില്‍ കഴിഞ്ഞുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം മാതാവും പിതാവിനെ അനുഗമിക്കുകയായിരുന്നു. പതിനാല് വയസ്സ് പിന്നിടുന്ന മഹാന് മാതാപിതാക്കളുടെ വിയോഗം വലിയ വേദന സൃഷ്ടിച്ചു. ദു:ഖം പേറി പിതാവിന്‍റെ തോട്ടം പരിപാലിച്ച് ജീവിതം മുന്നോട്ട് നീക്കുന്നതിനിടയില്‍ ഒരു മനുഷ്യന്‍ കടന്നു വന്നു. ആദ്യാത്മീകത മുറ്റുന്ന മുഖ കമലം. മഹാനാണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതം. ആദരവോടെ ആഗതനെ സ്വീകരിച്ചിരുത്തി. പഴുത്ത് പാകമായ മുന്തിരക്കുല പറിച്ച് ഭക്ഷിക്കാന്‍ നല്‍കി. അല്ലാഹുവിന്‍റെ സാമീപ്യം കൊതിച്ച് കഴിയുന്ന വ്യക്തിയാണ് ഈ തോട്ടക്കാരനെന്ന് ബോധ്യമായ ആഗതന്‍ തന്‍റെ സഞ്ചിയില്‍ നിന്ന് റൊട്ടിക്കഷ്ണമെടുത്ത് ചവച്ച് നല്‍കി. ഖാജാ (റ) സന്തോഷപൂര്‍വ്വം അത് ചവച്ചിറക്കി. അകത്ത് കടന്നതോടെ അനിര്‍വചനീയമായ ആത്മീയാനുഭൂതി അനുഭവപ്പെടുകയും നാഥനെക്കുറിച്ചുള്ള ചിന്തയില്‍ സര്‍വ്വതും മറന്ന് പരിസരബോധം നഷ്ടപ്പെടുകയും ചെയ്തു. കണ്ണു തുറന്ന് നോക്കുമ്പോള്‍ ആഗതന്‍ സ്ഥലം വിട്ടിരുന്നു. ഈ സംഭവത്തോടെ ഖാജാ(റ)യുടെ ജീവിതത്തില്‍ വ്യക്തമായ മാറ്റം കണ്ടുതുടങ്ങി. പ്രസിദ്ധ സൂഫീ പണ്ഡിതന്‍ ഇബ്രാഹീം ഖറൂസി(റ) ആയിരുന്നു ആ ആഗതന്‍.
നാഥനെ കുറിച്ചുള്ള ചിന്തയിലും ഭൗതികവിരക്തിയിലുമായി കഴിഞ്ഞിരുന്ന ഖാജാ(റ)യെ മുന്തിരി തോട്ടത്തെ കുറിച്ചുള്ള ചിന്ത അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. മുന്തിരിത്തോട്ടം വിറ്റ്, കിട്ടിയ സംഖ്യ മുഴുവനും ദാനം നല്‍കി എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു. ആധ്യാത്മിക ജ്ഞാനം തേടിയുള്ള അലച്ചില്‍ കാടും കടലും മലയും മരുഭൂമിയും കടന്ന് ബഗ്ദാദ്, ഈജിപ്ത്, കോര്‍ദോവ, തുര്‍ക്കി, നിഷാപൂര്‍, സമര്‍ഖന്ദ് എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റഷ്യയിലെ ബുഖാറയിലെത്തി. ഇതിനിടയില്‍ ഖുര്‍ആന്‍ മന:പാഠമാക്കുകയും വിജ്ഞാനങ്ങളിലെല്ലാം അഗാധ പാണ്ഡിത്യം നേടിയെടുക്കുകയും ചെയ്തിരുന്നു. അവിടെ മൗലാനാ ഹിസാമുദ്ധീന്‍ ബുഖാരി (റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് കര്‍മ്മശാസ്ത്ര രംഗത്ത് വിശ്രുതി നേടിയ ഉസ്മാനുല്‍ ഹാറൂണിയുടെ പാഠശാലയില്‍ ചേര്‍ന്നു. ഖാജ(റ) വിനെ അതിരറ്റ് സ്നേഹിക്കുകയും ത്വരീഖത്തിന്‍റെ ഇജാസത്ത് നല്‍കുകയും ചെയ്തു. മഹാനെ ആത്മജ്ഞാനത്തിന്‍റെ നിറകുടമായി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു ഈ വന്ദ്യ ഗുരു. ഇരുപത് വര്‍ഷം നീണ്ടുനിന്ന ഈ പാഠശാലയില്‍ ശൈഖ് ഹാറൂണ്‍(റ)വുമായി ദൃഢമായ ഗുരുശിഷ്യ ബന്ധം സ്ഥാപിച്ചു.
ഒരു വേള ഇരുവരും ഒന്നിച്ച് ഹജ്ജിന് പുറപ്പെട്ടു. കഅ്ബയില്‍ വെച്ച് ഖാജാ(റ) ക്ക് വേണ്ടി വന്ദ്യ ഗുരു ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘റബ്ബേ… ഈ മുഈനുദ്ധീനെ നീ സ്വീകരിക്കേണമേ…’ എന്ന്. അനന്തരം ‘നാം മുഈനുദ്ധീനെ സ്വീകരിച്ചിരിക്കുന്നു’ എന്ന അശരീരി കേള്‍ക്കുകയുണ്ടായി. പിന്നീട് വന്ദ്യ ഗുരുവിന്‍റെ അനുഗ്രഹത്തോടെ ഇസ്ലാമിക പ്രബോധന വഴികളില്‍ പ്രവേശിക്കുകയായിരുന്നു ഖാജ(റ). വിവിധ ദേശങ്ങള്‍ താണ്ടിയുള്ള യാത്രയില്‍ നിരവധി പേര്‍ക്ക് ഇസ്ലാമിക വെളിച്ചം നല്‍കാന്‍ മഹാന്‍ ശ്രദ്ധിച്ചു. ഈ യാത്രയില്‍ തന്‍റെ സേവകരോടൊത്ത് ഹറമൈനി സന്ദര്‍ശിക്കുകയും മദീനയില്‍ വെച്ച് മുത്ത് നബി(സ)യെ ദര്‍ശനം നടത്തുകയും ചെയ്തു. ഇന്ത്യയില്‍ പോയി ഇസ്ലാം പ്രചരിപ്പിക്കാനും അജ്മീറിന് ഇസ്ലാമിക പ്രകാശനം നല്‍കാനുമുള്ള പുണ്യപ്പുമേനിയുടെ നിര്‍ദ്ദേശമനുസരിച്ച് നാല്പ്പത് ശിഷ്യന്മാരോടൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഗസ്നിയിലെത്തി ശൈഖുല്‍ മശാഇഖ് അബ്ദുല്‍ വാഹിദ് എന്ന് പേരുള്ള മഹാനെ സന്ദര്‍ശിച്ചതിനു ശേഷം പഞ്ചാബിലേക്ക് തിരിച്ചു. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഖൈബര്‍പാസിലെ ദുഷ്കര വഴികള്‍ കടന്ന് പഞ്ചാബില്‍ പ്രവേശിച്ചു. അലിയ്യുബ്നു ഉസ്മാനുല്‍ മഅ്റഫി നത്തം ഗഞ്ച് ബക്ഷ്(റ)വിനെ സിയാറത്ത് ചെയ്ത് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. മുസ്ലിംകള്‍ നാട്ടുരാജാക്കന്മാരാല്‍ പീഡനമനുഭവിക്കുന്ന അവസരത്തിലായിരുന്നു ഖാജാ (റ) അവിടെയെത്തിയത്. ഡല്‍ഹി പ്രദേശവാസികള്‍ക്ക് മഹാന്‍റെ ആഗമനം ഒട്ടും ദഹിച്ചില്ല. സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ തൂത്തെറിയപ്പെട്ട നാട്ടില്‍ ഒരു ഫഖീര്‍ എന്തു ചെയ്യുമെന്നായിരുന്നു പലരുടെയും ഉള്ളിരിപ്പ്. ഖാജാ(റ) വിന്‍റെ ആഗമന വിവരമറിഞ്ഞ് കോപിതരായ അധികാരി വര്‍ഗം ഉടന്‍ സ്ഥലം വിട്ട് പോകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അവരുടെ ദേവതകളെയും ദൈവങ്ങളെയും ഉപദ്രവിക്കുമെന്നായിരുന്നു അവര്‍ നിരത്തിയ ന്യായം.
ഖാജാ(റ) വിനെ സന്ദര്‍ശിക്കുന്നവര്‍ മുഴുവന്‍ ഇസ്ലാം പുല്‍കുന്ന വിവരം(ദിവസവും 700 പടയാളികള്‍ ഇസ്ലാം സ്വീകരിച്ചിരുന്നു.) അധികാരികളെ പ്രതിസന്ധിയിലാഴ്ത്തി. ഡല്‍ഹിയിലും പരിസര പ്രദേശത്തുമുള്ള നാട്ടു രാജകുടുംബങ്ങള്‍ വരെ ഇസ്ലാം സ്വീകരിച്ചിരുന്നു. തന്‍റെ പ്രയ ശിഷ്യന്‍ ഖാജാ കുതുബുദ്ദീന്‍ കാക്കി (റ)വിനെ ഡല്‍ഹിയുടെ ചുമതലയേല്‍പ്പിച്ച് മഹാന്‍ അജ്മീറിലേക്ക് പുറപ്പെട്ടു. ഹിജ്റ 561ല്‍ അജ്മീറിലെത്തിയ സംഘം അവിടെ വിജനസ്ഥലത്ത് തമ്പടിച്ച് താമസം തുടങ്ങി. രാജാവിന്‍റെ ഒട്ടകങ്ങള്‍ക്കുള്ള സ്ഥലമായിരുന്നു അത്. ഒഴിഞ്ഞു പോകുവാനുള്ള രാജകല്പന വന്നു. ഇതുകേട്ട് ഖാജാ(റ) പറഞ്ഞു. ഞങ്ങള്‍ മാറിക്കൊളളാം. ഒട്ടകം ഇവിടെ തന്നെ കിടക്കട്ടേ. അവിടെ നിന്ന് അനാസാഗര്‍ നദിയുടെ തീരത്തേക്ക് സംഘം മാറി താമസിച്ചു. അടുത്ത ദിവസം ഒട്ടക മേവക്കാര്‍ അത്ഭുതപ്പെട്ടു. എത്ര ശ്രമിച്ചിട്ടും ഒട്ടകമനങ്ങുന്നില്ല. അടിഭാഗം ഭൂമി പിടിച്ചു വെച്ചതു പോലെ അവര്‍ക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ രാജാവ് പൃഥ്വിരാജിന്‍റെ ഹൃത്തടത്തില്‍ മിന്നല്‍ പിണര്‍ പാഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതിര്‍ഗണിത ശാസ്ത്രത്തില്‍ പ്രാവീണ്യം സിദ്ധിച്ച അമ്മയുടെ പ്രവചനത്തിന്‍റെ പുലര്‍ച്ചയാണോ..? തന്‍റെ അരുമ സന്താനങ്ങളുടെ നാശത്തിന്‍റെ നിമിഷങ്ങളടുത്തിരിക്കുന്നു. അജ്മീറിലെത്തുന്ന മുസ്ലിം ഫഖീറിനെ സ്വീകരിക്കാതെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ രാജ്യവും അധികാരവും നഷ്ടപ്പെടുമെന്നായിരുന്നു പ്രവചനം. ശാന്തഭാവം നടിച്ച് രാജാവ് പറഞ്ഞു: നിങ്ങള്‍ പോയി ഫഖീറിനോട് മാപ്പ് പറയുക. ഒട്ടകങ്ങള്‍ നടന്നു കൊള്ളും. അനന്തരം ഒട്ടകം നടക്കാന്‍ തുടങ്ങി.
ഖാജാ(റ)വില്‍ പ്രത്യേക ആത്മീയ സിദ്ധിയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും രാജാവ് അനങ്ങിയില്ല. ഖാജാ(റ)വിനെ എതിര്‍ക്കുവാന്‍ തന്നെ തീരുമാനിച്ചു.
നദിയില്‍ നിന്ന് വെള്ളമെടുത്ത് അംഗസ്നാനം ചെയ്യുന്നതിലും ബാങ്ക് വിളിച്ച് നിസ്കാരം നിര്‍വ്വഹിക്കുന്നതിലും അരിശം പൂണ്ട ഐത്തം മതാനുയായികളായ സമീപ വാസികള്‍ സംഘത്തെ നാടു കടത്താന്‍ തീരുമാനിച്ചു. തീരുമാനം നടപ്പില്‍ വരുത്താന്‍ ഇറങ്ങി പുറപ്പെട്ട നാട്ടുകാര്‍ക്ക് നേരെ ഖാജാ(റ) ഒരു പിടി മണ്ണ് വാരി എറിഞ്ഞു. ഏറ് കൊണ്ടവര്‍ ഭ്രാന്തന്മാരായി തിരിഞ്ഞോടുകയും മറ്റുള്ളവര്‍ പാഞ്ഞൊളിക്കുകയും ചിലര്‍ ഒന്നുമറിയാതെ സ്തംഭിച്ചു നില്ക്കുകയും ചെയ്തു. രക്ഷപ്പെട്ട ചിലര്‍ രാജസന്നിധിയില്‍ ചെന്ന് അകപ്പെട്ട വിപത്തിനെ കുറിച്ചും പ്രതികാര നടപടിയുടെ ആവശ്യകതയെ കുറിച്ചും ബോധിപ്പിച്ചു. ചിലര്‍ പേരുകേട്ട പൂജാരിയും ദര്‍ബാറില്‍ സ്വാധീനവുമുള്ള ശാന്തീദേവിനെ സമീപിച്ചു. ഖാജാ(റ)വിന്‍റെ മുന്നിലെത്തിയ ശാന്തീദേവിനെ പുഞ്ചിരിച്ചു കൊണ്ട് നോക്കിയ നിമിഷം അയാളില്‍ അത്ഭുതകരമായ പരിവര്‍ത്തനമുണ്ടാക്കി. ശാന്തിദേവ് ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചു. ശാന്തീദേവിന്‍റെ മതപരിവര്‍ത്തനത്തില്‍ വിറളി പൂണ്ട പൃഥ്വിരാജ് അനാസാഗറിലെ വെള്ളമെടുക്കരുതെന്ന കല്പന നടത്തി. വിവരമറിഞ്ഞ ഖാജാ(റ) ശാന്തീദേവിനെ വിളിച്ച് അനാസാഗറില്‍ നിന്ന് ഒരു പാത്രം വെള്ളം ശേഖരിക്കാന്‍ കല്‍പ്പിച്ചു. വെള്ളമെടുത്തതോടെ അനാസാഗര്‍ നദി വറ്റി വരണ്ടു. ഇത്കൊണ്ട് രാജാവും അനുയായികളും നടുങ്ങി. പ്രതിവിധി തേടി അജയ്പാല്‍ മഹായോഗിയെ സമീപിച്ചു. ശിഷ്യരുമൊത്ത് കാട്ടില്‍ ധ്യാനിച്ചിരിക്കുന്ന സമകാലികനായ ഉന്നത പൂജാരിയാണ് കക്ഷി. തന്‍റെ ഉന്നമനത്തിന് പിന്നിലെ ശക്തി അജയ്പാല്‍ ആണ് എന്നാണ് രാജാവിന്‍റെ വിശ്വാസം.
അജയ്പാല്‍ സ്വന്തം ശക്തി കൊണ്ട് നദി നിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാനം അനാസാഗര്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഖാജാ(റ) വിനോട് അഭ്യര്‍ത്ഥിച്ചു. ശാന്തീദേവിനോട് പാത്രത്തിലെ വെള്ളം നദിയിലൊഴിക്കാന്‍ കല്‍പ്പിച്ചതോടെ അനാസാഗര്‍ പൂര്‍വ്വസ്ഥിതിയിലായി. തന്‍റെ മാന്ത്രിക സിദ്ധിയെ കുറിച്ചും വ്യക്തി മാഹാത്മ്യത്തെക്കുറിച്ചും വാചാലനായ അജയ്പാല്‍ ഖാജാ(റ) വിനോട് സ്ഥലം വിടണമെന്നും അല്ലെങ്കില്‍ നശിപ്പിച്ച് കളയുമെന്നും ഭീഷണിപ്പെടുത്തി. ഇതൊന്നും ഗൗനിക്കാതെ ഖാജാ(റ) തന്‍റെ സംഘത്തിനു ചുറ്റും വലിയ വൃത്തം വരച്ചു. താങ്കള്‍ ഉദ്ധേശിക്കുന്നതെന്തും ചെയ്തോളൂ എന്ന് അജയ്പാലിനോട് പറഞ്ഞു.
പൂജാരി തന്‍റെ മാരണശക്തി കൊണ്ട് മഴ വര്‍ഷിപ്പിച്ചു. പക്ഷേ വലയത്തിനകത്തേക്ക് ഒരു തുള്ളി പോലും കടന്നില്ല. കല്ല് വര്‍ഷിപ്പിച്ചു. അതും ആ വലയത്തിനകത്തേക്ക് കടന്നില്ല. പരിസരമാകെ കാട്ടുതീ പടര്‍ത്തി. ചുറ്റുഭാഗവും അഗ്നി വിഴുങ്ങിക്കഴിഞ്ഞു. പക്ഷേ ഖാജാ (റ)വിന്‍റെയും സംഘത്തിന്‍റെയും രോമത്തിനു പോലും പോറലേറ്റില്ല. അതിശക്തമായ ജാല വിദ്യയൊന്നും ഫലിക്കാതെ വന്നതോടെ അവസാന അടവ് പയറ്റി. പരിസര പ്രദേശത്തെ പാമ്പുകളെ മുഴുവന്‍ ഖാജാ (റ)വിന് നേരെ തിരിച്ചു വിട്ടു. പക്ഷേ, വലയത്തിനടുത്തെത്തുമ്പോഴേക്ക് അവകള്‍ പിടഞ്ഞ് ചാവാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ചത്തു വീണ പാമ്പുകളുടെ വലയം രൂപപ്പെട്ടു. ഒരു മാരണ വിദ്യയും ഫലിക്കാതെ വന്നതില്‍ നിരാശ പൂണ്ട് അജയ് പാല്‍ പറഞ്ഞു: താങ്കള്‍ തികഞ്ഞ ഫഖീറാണെന്ന് ഞാന്‍ സമ്മതിക്കാം. പക്ഷേ എന്‍റെ മഹാത്മ്യം നിങ്ങള്‍ക്കില്ലെന്നുറപ്പാണ്. എനിക്ക് പറക്കാന്‍ കഴിയും നിങ്ങള്‍ക്കതിന് കഴിയുമോ.? വെല്ലുവിളി നടത്തി യോഗി പറന്നുയരാന്‍ തുടങ്ങിയതോടെ ഖാജ(റ) തന്‍റെ മെതിയടിയോട് പറക്കാന്‍ ആഗ്യം കാണിച്ചു. അതിവേഗം പറന്ന് യോഗിയുടെ ഗമനത്തെ അത് തടഞ്ഞു നിര്‍ത്തി. പൊതിരെ തല്ലാന്‍ തുടങ്ങി. യോഗിക്ക് പറക്കാന്‍ കഴിയാതെ വന്നു. അവസാനം ഖാജ (റ) വിന്‍റെ കാല്‍ക്കല്‍ വീണ് മാപ്പിരന്നു. ഇസ്ലാം സ്വീകരിച്ചു.
92 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഈമാനിക വെളിച്ചം നല്‍കുന്നതിന് നിമിത്തമായ ഖാജ(റ) വില്‍ നിന്ന് 4000ത്തില്‍ പരം കറാമത്തുകള്‍ പ്രകടമായതായി ചരിത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സദാ പുഞ്ചിരി തൂകുന്ന മുഖഭാവത്തിനുടമയായിരുന്നു മഹാന്‍. ശത്രു മിത്ര ഭേദമന്യേ സര്‍വ്വജനങ്ങളുടെയും ആവശ്യം നിര്‍വ്വഹിച്ചു കൊടുക്കുന്നതില്‍ മഹാന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഇലാഹീ ഇശ്ഖില്‍ ധന്യമായ ജീവിതം നയിച്ച ഖാജാ(റ) വിന്‍റെ കുടുംബ ജീവിതത്തെ കുറിച്ച് പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇമാം ജഅ്ഫറു സ്സ്വാദിഖ്(റ) വിന്‍റെ മകള്‍ ബീവി ഇസ്മത്, അമതുല്ല എന്നീ ഭാര്യമാരില്‍ നിന്ന് സയ്യിദ് അബൂസഈദ്, സയ്യിദ് ഫഖ്റുദ്ദീന്‍ ബാവ സല്‍വാര്‍, സയ്യിദ് നിസാമുദ്ധീന്‍(റ), ഹാഫിസ ജമാല്‍ എന്നീ സന്താന സൗഭാഗ്യമുണ്ടായി.
നാഥന്‍റെ തൃപ്തിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച് ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ത്യാഗങ്ങള്‍ സഹിച്ച ഖാജ(റ) തന്‍റെ 96-ാം വയസ്സില്‍ ഹിജ്റ 633 റജബ് 6 തിങ്കളാഴ്ച്ച ദിവസം ലോകത്തോട് വിട പറഞ്ഞു. പ്രസിദ്ധമായ അജ്മീറില്‍ മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നു. അവിഭക്ത ഇന്ത്യയിലെ രാഷ്ട്ര തലവന്മാരടക്കം അസംഖ്യം ജനങ്ങള്‍ സിയാറത്തിനെത്തുന്ന രാജ്യത്തെ തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രമാണിത്. രാവിലെയും വൈകുന്നേരവും ദര്‍ഗയില്‍ നിന്ന് ലഭിക്കുന്ന ലങ്കര്‍(കഞ്ഞി) പാകം ചെയ്യുന്ന വലിയ ചെമ്പ് ഒരിക്കല്‍ ദര്‍ഗ സന്ദര്‍ശിച്ച അക്ബര്‍ ചക്രവര്‍ത്തിയുടെ സംഭാവനയാണ്.
മഹാനെ കുറിച്ച് വിശദവായനക്ക് അഖ്താബെ അജ്മീരി, അഖ്ബാറുല്‍ അഖ്യാര്‍, സിയറുല്‍ ഔലിയ എന്നീ ഗ്രന്ഥങ്ങള്‍ അവലംബിക്കാവുന്നതാണ്.

ഇസ്മാഈല്‍ മുണ്ടക്കുളം

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات