തിന്നുന്നതിലെ തിരുചര്യ
🖋 റഹ്മത്തുല്ല സഖാഫി എളമരം
Read more at https://www.sirajlive.com/2017/12/08/302824.html
അനക്കവും അടക്കവും ഒരുപോലെ അനുകരിക്കപ്പെടേണ്ട ഒരേഒരു നേതാവ് മുഹമ്മദുര്‍റസൂലുല്ലാഹ്(സ). ജീവിതത്തില്‍ പതിരില്ലാത്ത വ്യക്തിത്വം. ആ വിശുദ്ധ ജീവിതത്തിലെ ആഹാരം, ഭക്ഷണ രീതി എന്നീ കാര്യങ്ങളിലെ ഏതാനും ചില തിരു ചര്യകള്‍ നമുക്ക് പരിചയപ്പെടാം. അനസ്(റ) പറയുന്നു: ഒരു ആഹാര പദാര്‍ഥത്തെയും നബി(സ) കുറ്റം പറയാറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ കഴിക്കും. ഇല്ലെങ്കില്‍ കഴിക്കാതിരിക്കും.
ഭാര്യ ഏതുതരം ഭക്ഷണമുണ്ടാക്കിതന്നാലും കുറ്റപ്പെടുത്തുന്നവരും വയര്‍ നിറഞ്ഞാല്‍ ഭക്ഷണത്തെ നിസ്സാരപ്പെടുത്തുന്നവരുമൊക്കെ ഈ സ്വഭാവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. നബി(സ)ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങള്‍, വെളുത്തുള്ളി, സവാള എന്നിവ വേവിക്കാതെ തിന്നുന്നതും ഉടുമ്പിന്റെ മാംസം, ആടിന്റെ കിഡ്‌നി, ജനനേന്ദ്രിയം, മൂത്രസഞ്ചി, തുടങ്ങിയ മാംസാഹാരങ്ങളുമായിരുന്നു.(ഇബ്‌നുസ്സുന്നി).
തിരുനബി(സ)യുടെ ഇഷ്ടപ്പെട്ട ഭക്ഷണം മാംസാഹാരമായിരുന്നു. അത് കേള്‍വിശക്തി വര്‍ധിപ്പിക്കുമെന്നും ഭൂമിലോകത്തെയും ആകാശലോകത്തെയും ആഹാരങ്ങളുടെ നേതാവാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു.(അബുശ്ശൈബ) പച്ചക്കറികളില്‍ നിന്നും നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചുരങ്ങയായിരുന്നു.(നസാഇ) അത് തന്റെ സഹോദരന്‍ യൂനുസ് നബി(അ)യുടെ സസ്യങ്ങളില്‍ പെട്ടതായിരുന്നുവെന്നും നബി(സ) പറയുമായിരുന്നു. കറി വെക്കുമ്പോള്‍ ആഇശാ ബീവിയോട് നബി(സ) ഇപ്രകാരം പറയുമായിരുന്നു: “അതില്‍ ധാരാളം ചുരങ്ങകളിടുക. അത് ദുഃഖിതന്റെ മനസ്സിന് ശക്തി പകരും(അബൂബക്കറുശ്ശഫിഈ). നബി(സ)യുടെ ഇഷ്ടപഴങ്ങള്‍ ഈത്തപ്പഴവും വത്തക്കയും മുന്തിരിയുമായിരുന്നു.(അബൂനുഐം). കക്കിരിയും ഈത്തപ്പഴവും കൂട്ടിയും ഉപ്പുചേര്‍ത്തും നബി(സ) കഴിക്കാറുണ്ടായിരുന്നു.(ബുഖാരി). നിലത്തിരുന്നായിരുന്നു തിരുനബി(സ) ആഹാരം കഴിച്ചിരുന്നത്. “ഞാനൊരടിമയാണ്. അടിമകള്‍ ഭക്ഷണം കഴിക്കുന്നത് പോലെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. അടിമ ഇരിക്കുന്നതുപോലെ മാത്രമേ ഞാന്‍ ഇരിക്കുകയുള്ളൂവെന്ന് പറയുകയും ചെയ്യുമായിരുന്നു. (മുസന്നഫ്)
നിലത്തിരുന്നു ഭക്ഷണം കഴിച്ചാല്‍ ആഹാരം അധികമായിപ്പോകുന്നത് നിയന്ത്രിക്കാനാകും. ഈ സമയത്ത് വയറ് മടങ്ങി നില്‍ക്കുന്നതിനാല്‍ എളുപ്പം വയറ് നിറഞ്ഞതായി അനുഭവപ്പെടും. പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ വയറിന് ആശ്വാസം ലഭിക്കും. മേശയിട്ട് ഇരുന്നാല്‍ ബനിയനില്‍ അരിയിട്ടപോലെ വയറ് വീര്‍ക്കുന്ന് നാമറിയില്ല. ബിസ്മി ചൊല്ലിയായിരുന്നു നബി(സ) ആഹാരം കഴിക്കാന്‍ ആരംഭിച്ചിരുന്നത്. അമിതമായി ചൂടുള്ള ഭക്ഷണം അവിടുന്ന് കഴിക്കുമായിരുന്നില്ല. അതില്‍ ബറകത്തില്ലെന്നും അല്ലാഹു നമ്മോട് തീ തിന്നാന്‍ കല്‍പ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് ഭക്ഷണം തണുപ്പിക്കൂ എന്ന് അവിടുന്ന് പറയുമായിരുന്നു.(ബൈഹഖി).
അമിതമായി തണുത്ത ആഹാരവും ബറകത്തില്ലാത്തതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്ന് വിരലുകള്‍ ഉപയോഗിച്ചായിരുന്നു നബി(സ) ഭക്ഷണം കഴിച്ചിരുന്നത്.(മുസ്‌ലിം) ചിലപ്പോഴൊക്കെ നാല് വിരല്‍ ഉപയോഗിക്കും. രണ്ട് വിരല്‍ കൊണ്ട് മാത്രം ഭക്ഷണം എടുത്തുകഴിക്കാറുണ്ടായിരുന്നില്ല. അത് പിശാചിന്റെ ഭക്ഷണ രീതിയാണെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു(ദാറഖുത്‌നി) ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍, വിരല്‍ ഊമ്പുമായിരുന്നു. അത് ചുവന്നു തുടുക്കുന്നത് വരെ (മുസ്‌ലിം).
ഭക്ഷണത്തിന്റെ അവസാനത്തേതിലാണ് കൂടുതല്‍ ബറകത്ത് എന്ന് നബി പറഞ്ഞിട്ടുണ്ട്.(ബൈഹഖി). മാംസവും പത്തിരിയും കഴിച്ചാല്‍ നന്നായി കൈ കഴുകുകയും മുഖം കഴുകുകയും ചെയ്യും. മറ്റു ഭക്ഷണങ്ങള്‍ക്ക് ശേഷം കൈ തുടക്കുകയും ചെയ്യും. വെള്ളം വലിച്ചുകുടിക്കാതെ അല്‍പ്പാല്‍പ്പമായി ഊമ്പിക്കുടിക്കുന്ന രീതിയായിരുന്നു നബി(സ) യുടേത്. വെള്ളപ്പാത്രത്തില്‍ ശ്വാസം വിടാതെ ഓരോ ഇറക്ക് കുടിച്ചാലും പുറത്തേക്ക് ശ്വാസം വിടും.(ഹാകിം). ആഹാരം കഴിച്ചാല്‍ അല്ലാഹുവിന് സ്തുതി പറയുകയും ചെയ്യും.
Read more at https://www.sirajlive.com/2017/12/08/302824.html
Comments
Post a Comment