19. സുയൂഥ്വി (849-911)
പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: അബൂബകര്‍. ഹിജ്‌റ 849-ല്‍ കൈറോയില്‍ ജനനം. ‘അസ്സുയൂഥ്’ നൈല്‍ നദിയുടെ പടിഞ്ഞാറ് ഒരു ഗ്രാമം.സുയൂഥ്വി ഇമാമിന്റെ പിതാവിന് വേണ്ടി വീട്ടിലെ കുതുബ് ഖാനയില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രന്ഥമെടുക്കാന്‍ പോയപ്പോള്‍ മാതാവിന് അവിടെ വെച്ച് പ്രസവ വേദന വന്നു. കുഞ്ഞിന് ഇക്കാരണത്താല്‍ ഇബ്‌നുല്‍ കുതുബ് എന്ന് വിളിപ്പേര് കിട്ടി. പണ്ഡിത കാരണവരായ പിതാവ് മകനെ കിട്ടാവുന്ന ഏറ്റം മുന്തിയ വിജ്ഞാന സദ്യയിലേക്കെല്ലാം കൈപിടിച്ചു. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ കാണിച്ചു പൊരുത്തം വാങ്ങി. സംസം ജലം കുടിക്കുമ്പോള്‍ നടത്തിയ ദുആഅ് ഹാഫിളിനെ പോലെയാകണമെന്ന്.ഖുര്‍ആനിന് പുറമെ ചെറുപ്പത്തില്‍ തന്നെ ഉംദ,ഫിഖ്ഹീ മിന്‍ഹാജ്, ഉസൂലീ മിന്‍ഹാജ,് അല്‍ഫിയ്യ എല്ലാം മനപ്പാഠം. ബുല്‍ഖീനി, മനാവി, മഹല്ലി മുതലായവര്‍ ഗുരുനാഥന്‍മാര്‍. വിജ്ഞാനയാത്ര മൊറോക്കൊ, ഇന്ത്യ, യമനിലേക്ക് വരെ നീണ്ടു. 600 ഓളം ഉസ്താദുമാര്‍. ഹി: 866-ല്‍ 17 വയസ്സ് ആയപ്പോഴേക്കും ഗ്രന്ഥരചനക്കും ദര്‍സ് നടത്താനും ഭാഗ്യം. 600 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു.ഹദീസ് കൊണ്ട് ഖുര്‍ആനിന് തഫ്‌സീര്‍ പറയുന്ന ഗ്ര്ന്ഥമാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍.ഹി: 911 ജുമാദല്‍ ഊല 19-ന് ഈജിപ്തില്‍ വഫാത്.ഖറാഫയില്‍ ഖബ്‌റ്.
20. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍
ഹി: 871(എഡി 1467)ല്‍ ജനനം കൊച്ചിയില്‍. പിതാവ് അലിയ്യുല്‍ മഅ്ബരി. മഅ്ബര്‍ എന്ന സ്ഥലം കായല്‍പട്ടണ ത്തിനടുത്താണ്. ഹി: 6-ാ നൂറ്റാണ്ടില്‍ യമനില്‍ നിന്ന് ഒരു പിതാമഹന്‍ ഇവിടെ വന്നു താമസിച്ചു. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ അവര്‍കളുടെ പിതാമഹന്‍ അഹമദ് (റ) കായല്‍പട്ടണ ത്തില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിയില്‍ സൈനുദ്ധീന്‍(റ) പിറന്ന സ്ഥലം പില്‍കാലത്ത് മഖ്ദൂമിയ്യ മദ്‌റസയായി അറിയപ്പെടുന്നു. ഇവരുടെ കുടുംബ പരമ്പര സിദ്ധീഖുല്‍ അക്ബര്‍ (റ)ലാണ് ചെന്നെത്തുന്നത്.
സൈനുദ്ധീന്‍(റ)ന്റെ പിതൃവ്യന്‍ പൊന്നാനിയില്‍ മുദരിസായിരുന്നു. അവര്‍ ജ്യേഷ്ട പുത്രനെ പൊന്നാനിയില്‍ കിതാബ് ഓതാന്‍ കൊണ്ടു പോയി. എറെ കാലം അവിടെ പഠിച്ചതിന് പിറകെ ഏഴ് വര്‍ഷം കിതാബോതി കോഴിക്കോട്ട് താമ സിച്ചുസൈനുദ്ധീന്‍(റ). എ ഡി 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വാസ്‌കോഡിഗാമയുടെ നേതൃത്വത്തില്‍ ‘കാപ്പാട്’ കപ്പലിറങ്ങു മ്പോള്‍ സൈനുദ്ധീന്‍ മഖ്ദൂം(റ)-ന് 31 വയസ് പ്രായമാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് 1500ല്‍ പോര്‍ച്ചുഗീസ് സേന യുദ്ധ സന്നാഹ ത്തോടെ കോഴിക്കോട് വീണ്ടും വന്നെത്തി. സാമൂതിരിയുടെ സൈ ന്യവും പോര്‍ച്ചുഗീസും ഏറ്റുമുട്ടി. 650 പേര്‍ മരിച്ചു.
കോഴിക്കോട്ടെ ഏഴ് വര്‍ഷം പഠനം കഴിഞ്ഞ് സൈനുദ്ധീന്‍ മഖ്ദൂം (റ) പുറത്തുവരുന്നത് ഹാഫിള്, ഗ്രാമര്‍ പണ്ഡിതന്‍, കര്‍മ്മ ശാസ്ത്ര വിദഗ്ദ്ധന്‍, നിദാന ശാസ്ത്രജ്ഞന്‍, മുഹദ്ദിസ്, അറബിക്കവി, സ്വൂഫി എന്നിങ്ങനെ ബഹു വിധ ടൈറ്റിലുകളോ ടെയാണ്. കോഴിക്കോട്ടും പരിസരങ്ങളിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഈ സൂഫി വര്യന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫിഖ്ഹിലും ത്വരീഖത്തിലും വേറെവേറെ ‘സില്‍സില’ നബി(സ)യിലേക്ക് ചെന്നുമുട്ടുന്നത് ഉണ്ട് ശൈഖ് അവര്‍കള്‍ക്ക്. ഇസ്മായീല്‍ ഇബ്‌നു ജലാലില്‍ ബുഖാരി(റ) സൈനുദ്ധീന്‍(റ) ന്റെ ആത്മിയ ശൈഖാണ്.
കൊച്ചിയും പൊന്നാനിയും കോഴിക്കോടും മതിയാവാതെ ആ വിജ്ഞാന ദാഹി മക്കത്തുല്‍ മുകര്‍റമയിലെത്തി കിതാ ബോത്ത് തുടര്‍ന്നു. ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍. ഹി: 900 നും 925നുമിടയിലായി ജീവിച്ച ലോക പ്രശസ്ത ഇമാമുകളിലേറെയും പേരെ മക്കയിലും ഈജിപ്തിലുമായി മഹാന്‍ സന്ധിച്ചു. പലരും സതീര്‍ത്ഥ്യരാണ്. ശൈഖ് സകരിയല്‍ അന്‍സാരി(റ) ഹദീസില്‍ ഗുരുവാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊന്നാനിയില്‍ മടങ്ങിയെത്തിയത് വിജ്ഞാനത്തിന്റെ നിറകുടമായിട്ടാണ്. കൊച്ചി സ്വദേശിയെ പൊന്നാനിക്കാര്‍ വിട്ടില്ല. പക്ഷെ, പൊന്നാനിയിലെ സൗകര്യം ആ വിജ്ഞാന സാഗരത്തിന് ക്യാമ്പ് ചെയ്യാന്‍ മാത്രം മതിയായതല്ല. വലിയ മനുഷ്യന് വലിയ ഇടം തന്നെ ഒരുക്കാന്‍ നാട്ടുകാര്‍ മുണ്ടു മുറുക്കിയുടുത്തു. ഇന്നു കാണുന്ന പൊന്നാനിപ്പള്ളി(ഹി:925-എഡി1519-ല്‍) അങ്ങനെയാണ് പൊങ്ങിയത്. ജുമുഅ സ്ഥാപിച്ചു ദര്‍സ് തുടങ്ങി. ദര്‍സെന്ന് വെച്ചാല്‍ ഇന്ത്യയിലെ അല്‍ അസ്ഹര്‍!. കേരളത്തിലെ മക്ക!! ‘ വിളക്കത്തിരിക്കല്‍’ ആണ് ബിരുദം ഇവിടെ! ദര്‍സ് ദൂരദിക്കുകളില്‍ അറിയപ്പെട്ടു. അറബ് നാടില്‍ നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പറന്നെത്തി.
വിജ്ഞാന സേവനം ദര്‍സില്‍ മാത്രമായി ഒതുക്കാതെ കിതാബ് രചനയിലേക്കും കടന്നു ശൈഖവര്‍കള്‍. പത്തിലധികം കിതാബുകള്‍ രചിച്ചു. തുഹ്ഫത്തുല്‍ വര്‍ദിയ്യയുടെ ശറഹ് അവയിലൊന്നാണ്.
മഹാനായ ഈ ലോക പണ്ഡിതന്‍ പോര്‍ച്ചുഗീസിന്നെതി രെ മുസ്‌ലിം സമൂഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു കൊണ്ട് എഴുതിയ കൃതിയാണ് ‘അല്‍ ഖസ്വീദതുല്‍ ജിഹാദിയ്യ’
മലാബാറിന്റെയും കൊച്ചിയുടേയും മൊത്തം ദക്ഷിണേ ന്ത്യയുടേയും വേദനകള്‍ ഈരാജ്യസ്‌നേഹിയെ വല്ലാതെ നൊമ്പരപ്പെടുത്തി. വേദനകള്‍ ബൈത്തുകളായി, പുസ്തകമായി, ഇന്ത്യന്‍ വേദന അറബിപ്പദ്യങ്ങളിലൂടെ പുറം ലോകം അറിഞ്ഞു.
എന്തായിരുന്നു പോര്‍ച്ചുഗീസിന്റെ ചെയ്തികള്‍? 1502 ഫിബ്രവരി 10-ന് ഗാമ തന്റെ രണ്ടാം വരവായി പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്ന് മലബാറിലേക്ക് പുറപ്പെട്ടു. 15 കപ്പല്‍ നിറയെ സൈനികര്‍. 1502 ഒക്‌ടോബര്‍ 1-ന് ഈ സംഘം എഴിമലക്കടുത്ത് മാടായി തുറമുഖത്ത് വെച്ച് അതുവഴി കടന്നു പോവുകയായിരുന്ന കോഴിക്കോട്ടുകാരന്‍ ഖോജ ഖാസിമിന്റെ യാത്രക്കപ്പല്‍ ആക്രമിച്ചു. 700 യാത്രക്കാരാണ് കപ്പലില്‍. സ്ത്രീകളും കുട്ടികളും ഉണ്ട്. ഗാമ കൊല തുടങ്ങി. സ്ത്രീകള്‍ കുഞ്ഞുങ്ങളെ കാട്ടി യാചിച്ചു കൊല്ലരുതേ! കേട്ടില്ല. കപ്പലിന് തീവെക്കാനും ഒപ്പം പീരങ്കി വെടി പൊട്ടിക്കാനും ഗാമ ഉത്തരവിട്ടു. അമ്മമാരുടെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ച 20 കുഞ്ഞുങ്ങളെ പോര്‍ച്ചുഗലില്‍ കൊണ്ടുപോയി മാമോദീസ മുക്കി ലിസ്ബണിലെ സന്യാസി മഠത്തില്‍ വിടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ കൊടുത്തു.
രക്ഷപ്പെടാനാവാതെ വെള്ളത്തില്‍ പൊങ്ങിക്കിടന്നും മറ്റും മൂന്ന് ദിവസം കൊണ്ടാണ് മുഴുവന്‍ പേരും മരിച്ചു തീര്‍ന്നത്. മൃത ശരീരങ്ങള്‍ കടലിലൂടെ ഒഴുകി നടന്നു. കഴുകനും പരുന്തുകളും മാടായി കടലിന് മുകളില്‍ മൃതശരീര ഭാഗങ്ങളുമായി തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു. എല്ലാം നോക്കി നില്‍ക്കാനെ കരയിലുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.
ഈ സംഭവം നടക്കുമ്പോള്‍ 35-ന്റെ യൗവനത്തിലാണ് മഖ്ദൂം ഒന്നാമന്‍(റ). അതുകൊണ്ട് നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ മഹാനരുടെ ശ്രദ്ധ വന്നു വീഴുക സ്വാഭാവികം. ലോകരാഷ്ട്രീയ ഗതി വിഗതികള്‍ അവിടുന്ന് സാകൂതം വീക്ഷിക്കുന്നു.
എന്താണ് ലോക രാഷ്ട്രിയത്തില്‍ നടന്നു കൊണ്ടിരി ക്കുന്നത്? 1505-ല്‍ പോര്‍ച്ചുഗല്‍ രാജാവിന് വേണ്ടി കണ്ണൂര്‍ കടപ്പുറ ത്ത് സെന്റ് ആഞ്ചലോ കോട്ടക്ക് തറക്കല്ലിട്ടു. 11 ഏക്കര്‍ സ്ഥലം. 1506-ല്‍ ഈ കോട്ട തകര്‍ക്കാന്‍ വന്ന സ്വദേശികളെ പീരങ്കിക്കി രയാക്കി. 3000 പേരെ പോര്‍ച്ചുഗീസുകാര്‍ കൊന്നു. കേരളത്തിലെ നാട്ടു രാജാക്കന്മാരുടെ കപ്പലുകള്‍ പോലും പോര്‍ച്ചുഗീസുകാരില്‍ നിന്ന് അനുമതിപ്പത്രം വാങ്ങിയെ സഞ്ചരിക്കാവൂ എന്ന് വിദേശി മേധാവി ഉത്തരവിറക്കി. 1510-ല്‍ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവ പിടിച്ചടക്കാന്‍ 1700 പോര്‍ച്ചുഗീസ് സൈന്യം കണ്ണര്‍ കോട്ടയില്‍ നിന്ന് പുറപ്പെട്ടു. 1522-ല്‍ ശൈഖ് വഫാത്താകുമ്പോള്‍ പറങ്കികള്‍ കിരാത വാഴ്ചയിലാണ്. 1525 ജനുവരിയില്‍ കണ്ണൂര്‍ അറക്കല്‍ രാജാവിന്റെ സൈനിക മേധാവി വലിയ ഹസനെ പിടിച്ചു കൊന്നു. 1545-ല്‍ അറക്കല്‍ രാജാവിനെ വധിച്ചു. 1550-ല്‍ പൊന്നാനി ജുമുഅത് പള്ളിക്കു നേരെ ആക്രമണം നടത്തി. ഹി: 957 ശവ്വാല്‍ 19 വ്യാഴാഴ്ച.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ ജീവിത കാലം കഴിഞ്ഞും കേരളത്തില്‍ പോര്‍ത്തുഗീസ് അക്രമങ്ങള്‍ തുടര്‍ന്നു.മരക്കാര്‍മാരുടെ ദീര്‍ഘകാല പടയോട്ടത്തിന് ജീവന്‍ പകര്‍ന്നത് ശൈഖ് സൈനുദ്ദീന്‍ അവര്‍കളായിരുന്നു.മലബാറില്‍ പോര്‍ത്തുഗീസിനെതിരെ നെഞ്ച് വിടര്‍ത്തി പൊരുതാന്‍ മരക്കാര്‍മാര്‍ക്ക് തുല്ല്യം മറ്റൊരു ശക്തിയുണ്ടായിരുന്നില്ല. മരക്കാര്‍മാരുടെ ഊര്‍ജ്ജമാവട്ടെ മഖ്ദൂം കുടുംബവും. എ.ഡി.1500 ന് തൊട്ടു പിറകെ അഡ്മിറലായി സ്ഥാനമേറ്റ കുഞ്ഞാലിമരക്കാര്‍ തരംഗം ഒരു നൂറ്റാണ്ട് വരെ നീണ്ടു നിന്നു.ഇതിനിടയില്‍ നാലു കുഞ്ഞാലിമാര്‍.26 യുദ്ധം.
സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ വിദേശ വാസത്തിനിടയില്‍ അവര്‍ക്ക് ഒട്ടനേകം ലോക പണ്ഢിതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. സുയൂഥി ഇമാം, സംഹൂദി(റ), ബാമഖ്‌റുമ, ശംസുദ്ദീന്‍ തന്‍ദാവി(റ), മകൂദി(റ), തുടങ്ങിയവര്‍ ഗുരു പരമ്പരയിലെ ചിലര്‍ മാത്രം. സഹപാഠികളിലുമുണ്ട് ലോകപ്ര ശസ്തര്‍. നൂറുദ്ദീന്‍ മഹല്ലി(റ),കമാലുദ്ദീന്‍ ദിമശ്ഖി(റ), ശിഹാബുദ്ദീന്‍ ഹിംസി(റ), ബദ്‌റുദ്ദീന്‍ സുയൂഥി(റ)തുടങ്ങിയവര്‍ സഹപാഠികളാണ്.
മലബാറില്‍ ക്രിസ്തുവല്കരണ ലക്ഷ്യവും കൊള്ളയു മായി പോര്‍ത്തുഗീസുകാര്‍ താണ്ഡവമാടുമ്പോള്‍ മേല്‍പറഞ്ഞ ലോകപണ്ഢിതരുടെ രാഷ്ട്രങ്ങളായ യമന്‍,തുര്‍കി, ഇറാഖ്, സിറിയ, ഫലസ്തീന്‍ എന്നിവിടങ്ങളിലും വിദേശിപ്പടയുടെ നുഴഞ്ഞുകയറ്റംനടക്കുന്നുണ്ട്. കിതാബ്പഠനത്തിന്റെ ഇടവേള കളില്‍ ഗുരുനാഥന്‍മാരും ശിഷ്യന്‍മാരും തമ്മില്‍, ശിഷ്യന്‍മാര്‍ തമ്മില്‍ അവരവരുടെ നാടിന്റെ നൊമ്പരങ്ങളും വികാരങ്ങളും ചര്‍ച്ചയാവും.സൂഫിവര്യരായ സൈനുദ്ദീന്‍ മഖ്ദൂം(റ) പ്രതിരോധ കേരളത്തിന്റെ ഉണര്‍ത്തുപാട്ട് രചയിതാവായി കാണപ്പെടുന്നത് ഈ പാശ്ചാത്തലത്തിലാണ്. ഹി: 928 ശഅബാന്‍ 16-ന് അവര്‍ വഫാതായി.57 വയസ്സ്. ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിക്ക് മുന്‍വശത്താണ്.
സന്താനങ്ങള്‍: അഞ്ച് മക്കളാണ് ശൈഖവര്‍കള്‍ക്ക്. മൂന്നാണും രണ്ടു പെണ്ണും. രണ്ടാത്തെ പുത്രന്‍ മുഹമ്മദുല്‍ ഖസ്സാലി(റ) മാഹി ചോമ്പാലില്‍ ഖാസിയായി. വിവാഹം കഴിച്ചു. അവിടെ താമസിച്ചു. ഹി: 947-ല്‍ അവിടത്തെന്നെ മരണം. മൂന്നാമത്തെ പുത്രന്‍ അബ്ദുല്‍ അസീസ്(റ) പത്തിലേറെ കിതാബുകള്‍ രചിച്ചു. അല്‍ഫിയയുടെ ശര്‍ഹ് കേരളത്തില്‍ കാണുന്നത് ‘ഇളാഫതിന്റെ’ ബാബ് മുതല്‍ ഇവരുടെതാണ്. പോര്‍ച്ചുഗീസിനെതിരെയുള്ള സമരങ്ങളില്‍ ഈ മകന്റെ പ്രത്യേക നിറസാന്നിദ്ധ്യം കാണാം. ഹി: 994-ല്‍ വഫാത്. ഖബര്‍ പിതാവിനരികെ.
ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അവര്‍കുളടെ ഒരു പുത്രിയെ വിവാഹം ചെയ്തത് സഹോദരി പുത്രന്‍ ഉസ്മാന്‍ (റ) ആണ്. (ജനനം ഹി: 910) ‘ഖത്‌റുന്നദാ’യുടെ ശര്‍ഹ് എഴുതിയ ഇവര്‍ മഖ്ദൂം(റ)യുടെ ശിഷ്യന്‍ കൂടിയാണ്. ഈ ദമ്പതികളുടെ പുത്രനാണ് ഹി: 948-ല്‍ ജനിച്ച അബ്ദുര്‍റഹ്മാന്‍ മഖ്ദൂം. ഉസ്മാന്‍ (റ)ന്റെ ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിയുടെ തെക്ക് ഭാഗത്ത് അടയാളപ്പെടുത്തിക്കാണാം.
മഖ്ദൂം ഒന്നാമന്‍ കൊച്ചിയില്‍ നിന്ന് ആദ്യം പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പഠനാവ ശ്യാര്‍ത്ഥം വരുന്നു.വൈകാതെ മകന്‍ മുഹമ്മദ് മാഹി വടകര എത്തുന്നു. കേരളത്തിലെ മരക്കാര്‍ സാന്നിദ്ധ്യവും ഇതേ റൂട്ടില്‍ തല്‍സമയം സഞ്ചരിക്കുന്നതായി കാണാം.
കൊച്ചിയില്‍ അരിക്കച്ചവടവുമായി കഴിയുകയായിരുന്ന വ്യാപാരി കുടുംബമാണ് മരക്കാര്‍മാര്‍. കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അവിടെ വ്യാപാരം നടത്തുന്ന മുസ്‌ലിംകളെ ദ്രോഹിച്ചു. 1503 മുതല്‍ക്ക് ഗതിമുട്ടിയ മരക്കാര്‍ വ്യാപാരികള്‍ പൊന്നാനി സീ പോര്‍ട്ട് താവളമാക്കി. കൊച്ചി വിട്ടു പൊന്നാനിയിലെത്തിയ ഈ മുസ്‌ലിം വ്യാപാരികളില്‍ നിന്ന് ഉശിരുള്ളവരെ ചേര്‍ത്ത് ഒരു നാവികപ്പട വാര്‍ത്തു സാമൂതിരി രാജാവ്. സേന തലവന്ന് സ്ഥാനപ്പേരും നല്‍കി-‘കുഞ്ഞാലി’. യുദ്ധത്തില്‍ അലി(റ)വിന്റെ മികവ് അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സ്ഥാനപ്പേര്. ഒന്നാം കുഞ്ഞാലിയുടെ പേര് മുഹമ്മദ്. ഇത് 1507-ന് മുമ്പാണ്.
1522-ല്‍ മഖ്ദൂം ഒന്നാമന്‍ വഫതാകുമ്പോള്‍ മരക്കാര്‍ സേന അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കണ്‍കുളി ര്‍ക്കേ കണ്ട് ആനന്ദിക്കുന്നുണ്ടായിരുന്നു.
1513-ല്‍ അധികാരത്തിലേറിയ സാമൂതിരി വംശത്തിലെ ഒരു രാജാവ് 9 വര്‍ഷം കഴിഞ്ഞ് മരണപ്പെട്ടതും 1522-ല്‍ തന്നെ. തല്‍സമയം ഗാമ ജന്മനാടായ പോര്‍ച്ചുഗലിലാണ്. 1498-ലും 1502 ലുമായി ഇന്ത്യയില്‍ നാവിക വ്യാപാര ദൗത്യം നിറവേറ്റി 1503 മുതല്‍ ജന്മദേശത്ത് കഴിയുകയാണ് ഗാമ. മഖ്ദൂം ഒന്നാമന്‍ വഫാതായി രണ്ട് വര്‍ഷം കഴിഞ്ഞ് 1524-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയച്ചു. ഇത്തവണ വൈസ്രോയിയായിട്ടാണ് നിയമനം. പക്ഷെ, ഇന്ത്യയിലെത്തി താമസിയാതെ 1524 ഡിസംബര്‍ 24-ന് കൊച്ചിയില്‍ ഗാമ മരിച്ചു.1539-ല്‍ ശവശരീരാവശിഷ്ടം മാന്തിയെടുത്ത് കൊണ്ടുപോയി പോര്‍ച്ചുഗലിലെ വിഡ്വിഗ്വീറയില്‍ അടക്കി.
ഗാമക്ക് ലിസ്ബണില്‍ കാപ്പാട് എത്താനുള്ള റൂട്ട് മനസ്സിലായത് കെനിയക്കടുത്ത് വെച്ച് കണ്ടുമുട്ടിയ ഇബ്‌നു മാജിദ് എന്ന അറബി നാവികനില്‍ നിന്നായിരുന്നു. ഗാമയുടെ വൈസ്രോയി പട്ടം കെട്ടിയുള്ള വരവ് വര്‍ഷത്തിലാണ് (1524-ല്‍) ലക്ഷദ്വീപിലെ ആദ്യത്തെ രക്തസാക്ഷിത്വം(ശഹാദത്) സംഭവിക്കുന്നത്. മുസ്‌ലിംകളെ മുഖ്യ ശത്രുവായി കണ്ട പോര്‍ച്ചു ഗീസുകാര്‍ കണ്ണൂര്‍ അറക്കല്‍ രാജാവിനേയും ദ്വീപ് നിവാസി കളേയും നോട്ടമിട്ട് ദ്രോഹിച്ചു. ദ്വീപിലെ വരുമാനമാര്‍ഗമായ നാളികേരവും കയറുല്‍പന്നങ്ങളും കയറ്റിയ ദ്വീപ് ഓടങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിച്ചുകൊണ്ടിരുന്നു. 1524-ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലക്ഷദ്വീപ് പിടിച്ചടക്കാന്‍ ശ്രമിച്ചു. ഹെന്‍ട്രിമെന്റസ് ജുമുഅക്ക് പിറകെ അമേനി ദ്വീപിലെ പള്ളിയിലേക്ക് പട്ടാളത്തെ കയറ്റി ! തകര്‍ക്കാന്‍ വിസമ്മതിച്ച മണ്ണേല്‍ ആറ്റക്കോയ എന്നവരെ പള്ളിയിലെ മുന്‍വാതില്‍ പടിയില്‍ പിടിച്ചു കിടത്തി കഴുത്തറുത്ത് വധിച്ചു. ഹി: 930 കഴിഞ്ഞ് ശവ്വാല്‍ 18 (എഡി 1524)നായിരുന്നു ഈ സംഭവം. മഖ്ദൂം വഫാതായി ചുരുക്കം വര്‍ഷം കഴിഞ്ഞ്. ശഹീദ് അവര്‍കളുടെ ഖബ്ര്‍ പ്രസ്തുത പള്ളിയുടെ മിഹ്‌റാബിന് പിന്നില്‍.
തെക്ക് കേരളത്തിലും ലക്ഷദ്വീപിലും ഈവിധത്തില്‍ പ്രശ്‌നസങ്കീര്‍ണത നിറഞ്ഞു നില്‍ക്കുമ്പോള്‍ വടക്ക് 1526-ല്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിക്കൊണ്ട് ബാബര്‍ ചക്രവര്‍ത്തി ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്നു. മഖ്ദൂം ഒന്നാമന്‍ വഫാതായതിന്റെ നാലാം വര്‍ഷം അധികാരത്തിലേറിയ ബാബര്‍ 1530 വരെ നാടു ഭരിച്ചു. പോര്‍ച്ചുഗീസുകാരുടെ ഗുജറാത്തു മോഹവും ഡല്‍ഹി മോഹവും നടക്കാതെ പോയത് ബാബറിന്റെ പിറകെ ഹുമയൂണ്‍ കബീറിന്റെയും തുടര്‍ന്നു വന്ന ഷാമാരുടെയും ശക്തികൊണ്ടാണ്. ഹുമയൂണ്‍ അധികാരത്തിലേറി (1530) രണ്ട് വര്‍ഷം കഴിഞ്ഞാണ് മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നത്.
21. കുഞ്ഞി മരക്കാര്‍ വെളിയങ്കോട് ശഹീദ് (റ)(കുഞ്ഞാലിമരക്കാര്‍ വേറെയുണ്ട്)
സൈനുദ്ധീന്‍ മഖ്ദൂം അവ്വല്‍ ന്റെ കാലത്ത് യൗവ്വനത്തില്‍ തന്നെ പോര്‍ച്ചുഗീസിനെതിരെ കടലില്‍ പടവെട്ടി ശഹീദായി. വിവാഹ ചടങ്ങില്‍ നിന്നിറങ്ങിയതാണെന്ന് പിന്‍തലമുറയിലെ ജീവിച്ചിരിപ്പുള്ള കുടുംബാംഗങ്ങള്‍ പറയുന്നു. വെളിയങ്കോട് ഖബ്‌റ്.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات