അപ്ഡേഷൻ അവസാനിക്കാത്ത സലഫീ തൗഹീദുകൾ
ഡോ.ഫൈസൽ അഹ്സനി സിദ്ദീഖി രണ്ടത്താണി
From www.sirajlive.com
‘മൂന്ന് മിനുട്ട് 50 സെക്കന്‍ഡ് നീളമുള്ള ക്ലിപ്പില്‍ 33 കളവുകള്‍!’ എന്ന ശീര്‍ഷകം കണ്ടപ്പോള്‍ ഒരു കൗതുകത്തിന് കേട്ടുനോക്കിയതാണ്. അലവി സഖാഫി ആണ് അവതാരകന്‍. ഒരു സലഫി പ്രഭാഷകന്റെ പ്രഭാഷണത്തെ കുറിച്ചാണ് പറയുന്നത്. ഇസ്തിഗാസയുമായി ബന്ധപ്പെട്ട വിവരണമാണ് പ്രതിപാദ്യം. പ്രഭാഷകന്റെ ക്ലിപ്പ് കേള്‍പ്പിച്ചുകൊണ്ട് കളവുകള്‍ പിടികൂടുകയാണ് സഖാഫി. കളവുകള്‍ എത്രയുണ്ട് എന്നൊന്നും ഞാന്‍ എണ്ണിനോക്കിയില്ലെങ്കിലും പ്രഭാഷകന്റെ മറുപടിയില്‍ ആവര്‍ത്തിച്ചു കട്ടായമായിപ്പറയുന്ന ഒരു വാചകം എന്നെ അതിശയിപ്പിച്ചു കളഞ്ഞു. ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന തൗഹീദിന്റ ഒരു അപ്‌ഡേഷന്‍ ആയിരുന്നു അത്.
ഒരു കാലത്ത് വഹാബീ തൗഹീദ് അപ്‌ഡേഷന്‍സ് ഫോളോ ചെയ്യുന്നത് വലിയ ഹരമായിരുന്നു. ഓരോ മാറ്റങ്ങളും അതിലെ കാരണങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും നല്ല ഒരു അക്കാദമിക് പഠനത്തിനുള്ള വകുപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതൊരു തമാശയായി മാറുകയും പല ഗ്രൂപ്പുകളും പല സമയത്തായി തൗഹീദ് വ്യാഖ്യാനങ്ങളിലെ ‘നവോത്ഥാനക്കളികള്‍’ നിരന്തരമായി തുടരുകയും ചെയ്തു. അങ്ങനെ ഡോക്ടറെ സമീപിക്കുന്നത് പോലും ശിര്‍ക്കായി (ബഹുദൈവ വിശ്വാസമായി) മാറിയ സാഹചര്യം വന്നപ്പോള്‍ ഞാന്‍ അവരെ ഫോളോ ചെയ്യുന്നത് നിര്‍ത്തി. ഇപ്പാള്‍ യാദൃശ്ചികമായി അതിലേക്ക് തന്നെ വന്ന് വീണിരിക്കുകയാണ്.
സംഗതി പറയാം. കാഞ്ഞങ്ങാട് മുജാഹിദ് മുഖാമുഖം നടക്കുകയാണ്. ഉമര്‍ (റ) ന്റെ കാലത്ത് നടന്ന ഒരു ചരിത്ര സംഭവത്തെ കുറിച്ച് ഒരാളുടെ ചോദ്യത്തിന് മൗലവി മറുപടി പറയുകയാണ്. ചരിത്രമിതാണ്: മനുഷ്യരാകെ വറുതി കൊണ്ട് കഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ ഒരാള്‍ (അത് ബിലാലു ബിന്‍ ഹാരിസ് അല്‍ മുസ്‌നി എന്ന സ്വഹാബിവര്യന്‍ ആണെന്ന് ചില നിവേദനങ്ങളില്‍ കാണാം) തിരുനബിയുടെ ഖബര്‍ ശരീഫിന്റെ അടുക്കല്‍ വന്നു.
‘യാ റസൂലല്ലാഹ്! ഇസ്തസഖി ലി ഉമ്മതിക…’ ‘അല്ലഹു വിന്റെ ദൂതരേ, അങ്ങയുടെ സമുദായത്തിന് വേണ്ടി. അല്ലാഹുവിനോട് മഴ തേടൂ..അവരാകെ പ്രയാസത്തിലാണ്..’എന്ന് വഫാതായ തിരുനബിയെ നേരിട്ട് വിളിച്ച് സങ്കടം ബോധിപ്പിക്കുകയാണ്. ഉടന്‍ പരിഹാരമുണ്ടായി. ബിലാല്‍ (റ) തിരുനബിയെ സ്വപ്‌നം കണ്ടു. പെട്ടെന്ന് ഉമര്‍ (റ)നെ കാണണമെന്നും ഭരണത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടണമെന്നും മഴ ലഭിക്കുന്ന സുവാര്‍ത്ത അറിയിക്കണമെന്നും നബി (സ) പറഞ്ഞു. ഈ സംഭവം മുസന്നഫ് ഇബ്‌നു അബീ ശൈബ, ദലാഇലുന്നുബുവ്വ തുടങ്ങി പല ഹദീസ്ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പലരും സ്വഹീഹാക്കിയിട്ടുമുണ്ട്. ഈ സംഭവത്തില്‍ സ്വഹാബി ചെയ്തത് ഇസ്തിഗാസ (സഹായതേട്ടം) ആണല്ലോ. ഇസ്തഗാസ ശിര്‍ക്കാണെങ്കില്‍ ഈ സ്വഹാബി മുശ്‌രിക്ക് ആണെന്ന് പറയേണ്ടി വരില്ലേ? ഇത് ഉദ്ധരിച്ചവരും പ്രബലപ്പെടുത്തിയവരുമൊക്കെ ശിര്‍ക്ക് പ്രചാരകരാണ് എന്ന് വരില്ലേ? എന്നൊക്കെയായിരിക്കണം ചോദ്യത്തിന്റെ ആത്മാവ്.
മറുപടി പറയുന്ന മുജാഹിദ് യുവ പണ്ഡിതന്‍ ഇതു വരെ വഹാബി സ്‌റ്റേജുകളില്‍ നിന്ന് കേള്‍ക്കാത്ത ഒരു കാര്യം പറഞ്ഞു കളഞ്ഞു. പ്രസ്തുത സംഭവത്തില്‍ ഇസ്തിഗാസ (അല്ലാഹു അല്ലാത്തവരോട് സഹായം തേടല്‍) ഇല്ല എന്നായിരുന്നു അത്. പ്രത്യുത തവസ്സുല്‍ (ഇടതേട്ടം) മാത്രമേയുള്ളൂ. തവസ്സുല്‍ ശിര്‍ക്കല്ല താനും! ഈ ഉത്തരമാണ് എന്നെ അതിശയിപ്പിച്ചു കളഞ്ഞത്.
മറുപടി പറയുന്ന മുജാഹിദ് യുവ പണ്ഡിതന്‍ ഇതു വരെ വഹാബി സ്‌റ്റേജുകളില്‍ നിന്ന് കേള്‍ക്കാത്ത ഒരു കാര്യം പറഞ്ഞു കളഞ്ഞു. പ്രസ്തുത സംഭവത്തില്‍ ഇസ്തിഗാസ (അല്ലാഹു അല്ലാത്തവരോട് സഹായം തേടല്‍) ഇല്ല എന്നായിരുന്നു അത്. പ്രത്യുത തവസ്സുല്‍ (ഇടതേട്ടം) മാത്രമേയുള്ളൂ. തവസ്സുല്‍ ശിര്‍ക്കല്ല താനും! ഈ ഉത്തരമാണ് എന്നെ അതിശയിപ്പിച്ചു കളഞ്ഞത്.
മൗലവി തുടര്‍ന്നു. ‘അത് മുജാഹിദുകള്‍ എല്ലാകാലത്തും പഠിപ്പിച്ചിട്ടുണ്ട്. 25 കൊല്ലം മുജാഹിദ് പ്രസ്ഥാനത്തിന്റെ (കെ എന്‍ എം) ജനറല്‍ സെകട്ടറി ആയ പണ്ഡിതന്‍ കെ പി മുഹമ്മദ് മൗലവി അദ്ദേഹത്തിന്റെ ‘അതവസ്സുല്‍’ എന്ന ഗ്രന്ഥത്തിലാണ് ‘അല്‍ ഇസ്തിഗാസ’ എന്ന ഗ്രന്ഥത്തിലല്ല ഈ സംഭവം ഉദ്ധരിക്കുന്നത്. ലോകത്ത് ഈ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം ഇത് തവസ്സുല്‍ ആണെന്നാണ് മനസ്സിലാക്കിയത്’ ഈ മറുപടി പ്രകാരം അപ്പോള്‍ എന്തായി? നബിയേ മഴക്ക് വേണ്ടി പ്രാഥിച്ച് ഞങ്ങളെയൊന്ന് ഈ വറുതിയില്‍ രക്ഷപ്പെടുത്തണേ എന്ന് തേടിയാല്‍ പോലും (അതാണല്ലോ ഹദീസിലെ തേട്ടത്തിന്റെ പൊരുള്‍ അതിനെ ഇസ്തിഗാസ എന്ന് വിളിച്ചാലും തവസ്സുല്‍ എന്ന് വിളിച്ചാലും) ആ തേട്ടം ശിര്‍ക്കല്ല!
അണികളും നേതാക്കളും ഇത് കേട്ട് അന്തം വിട്ടു. ഇത് വരെ ഇസ്തിഗാസെക്കതിരെ പൊരുതിപ്പൊരുതി അവസാനം നാറാണത്തു ഭ്രാന്തന്റെ പണിയെടുത്തത് പോലെയായില്ലേ എന്ന് അവര്‍ ചോദിച്ചിരിക്കണം. നിരന്തരമായ പരിണാമങ്ങള്‍ക്ക് ഒടുവില്‍ ജിന്ന് വിളിയും സിഹ്‌റ് വിശ്വാസവും ബര്‍കത്തെടുക്കലും സംസം വെള്ളം കുടിക്കലും കണ്ണേറും എല്ലാം തൗഹീദിന് പരിധിയില്‍ വന്നു കഴിഞ്ഞല്ലോ. ഇനി ആകപ്പാടെ ഒരു കട്ട ശിര്‍ക്ക് ഇസ്തിഗാസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഇപ്പോള്‍ പിടുത്തംവിട്ട മാതിരിയായി; കഷ്ടം! നിരന്തരമായ ഈ കുശുകുശുപ്പുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ഒടുവില്‍ അദ്ദേഹത്തിന് തന്നെ തന്റെ പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു. പ്രസ്തുത തേട്ടം ശിര്‍ക്ക് തന്നെയാണത്രെ!
അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് കുമ്പസാരത്തില്‍ നിന്ന്: ‘പ്രിയ സുഹൃത്തുക്കളേ,.. അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറഞ്ഞും, അബദ്ധം വന്നാല്‍ ഏതൊരാള്‍ ചൂണ്ടിക്കാട്ടിയാലും തിരുത്തുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വേളയില്‍ നാം നിരന്തരം ആവര്‍ത്തിക്കാറുള്ള കാര്യങ്ങളാണ്. 30- 11- 2018ന് കാഞ്ഞങ്ങാട് നടന്ന മുഖാമുഖത്തില്‍ പല ചോദ്യങ്ങളില്‍ ഒന്നിന് മറുപടി പറയവെ എന്നില്‍ നിന്നുണ്ടായ ഒരു പരാമര്‍ശത്തിലെ അബദ്ധം വ്യക്തമാക്കാനാണ് ഈ കുറിപ്പ്. അബദ്ധം സംഭവിച്ച എനിക്ക് അല്ലാഹു പൊറുത്ത് തരികയും ചെയ്യുമാറാകട്ടെ.
നബി(സ)യുടെയോ അല്ലാത്തവരുടെയോ ഖബ്‌റിങ്ങല്‍ ചെന്നോ അല്ലാതെയോ പ്രാര്‍ഥിക്കുന്നതും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നതും എല്ലാം തീര്‍ച്ചയായും ശിര്‍ക് തന്നെയാണ്…. ഒരു മുസ്‌ല്യാരുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ മുന്‍ഗാമികളായ മുജാഹിദ് പണ്ഡിതന്മാര്‍ എഴുതുകയും പഠിപ്പിക്കുകയും, മുമ്പൊരിക്കല്‍ ഞാന്‍ തന്നെ ഒരു പ്രസംഗത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തത് പോലെത്തന്നെ ‘അത് ശിര്‍ക്കാണ്, പാടില്ലാത്തതാണ്’ എന്നായിരുന്നു ഞാന്‍ മറുപടി പറയേണ്ടിയിരുന്നത്. മറിച്ചുള്ള പരാമര്‍ശങ്ങള്‍ അബദ്ധം സംഭവിച്ചതാണ്’
തൗഹീദ് സംബന്ധമായ വിഷയത്തില്‍ ‘അതെനിക്ക് തെറ്റുപറ്റിയതാണ്. അല്ലാഹു എനിക്ക് പൊറുത്ത് തരട്ടേ’ എന്ന് പറയുന്നതായി ഞാന്‍ എന്റെ ചെവി കൊണ്ട് കേള്‍ക്കുന്ന മൂന്നാമത്തെ മുജാഹിദ് പണ്ഡിതനാണിയാള്‍. മൂന്നും മൂന്ന് കാര്യങ്ങളിലാണ് എന്ന് മാത്രം. അല്ലാഹുവിനെ കുറിച്ച് നേരത്തെ എഴുതിയത് മൊത്തമായും പിന്‍വലിച്ച് പശ്ചാതപിച്ച വേദ പണ്ഡിതനെ കൂട്ടാതെയാണ് ഇപ്പറഞ്ഞത്. ഒരു വസ്ത്രം മാറുന്ന ലാഘവം. ചാണകത്തില്‍ ചവിട്ടിയതു പോലുള്ള ഒരു ചേപ്രത്തരം. ഒരു അസ്തഗ്ഫിറുല്ലാഹ്.. മംഗളം! ശുഭം!! ഒരു സമൂഹത്തിന്റെ ഇമാന്‍ കൊണ്ടുള്ള ചൂതാട്ടം!
ഒരാള്‍ നേരത്തെ പറഞ്ഞ ഒരാശയം പിന്‍വലിക്കുമ്പോള്‍ സ്വാഭാവികമായും ചെയ്യേണ്ട ഒരു കാര്യമുണ്ട്. തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വിശദീകരിച്ചുകൊടുക്കുക. ഇപ്പോള്‍ പറയുന്നത് ശരിയാവാനുള്ള കാരണവും വിശദീകരിക്കണം. എന്നാല്‍ ഒന്നും സംഭവിച്ചില്ല. എല്ലാം ഒരു കുമ്പസാരത്തില്‍ ഒതുങ്ങുകയായിരുന്നു.
അബദ്ധം പറ്റി എന്നൊക്കെ പറയുന്നത് ഒരു ഭംഗിവാക്ക്. അബദ്ധം ഒരു ശീലമാക്കിയതാണങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല. പക്ഷേ, ഇതിനെക്കുറിച്ച് അബദ്ധം പറ്റിപ്പോയി എന്ന് വരുത്തിത്തീര്‍ക്കുന്നതാണ് മഹാ അബദ്ധം. കാരണം, തെളിവുകള്‍ ഒെന്നാന്നായിബോധപൂര്‍വം തന്നെയാണ് പറഞ്ഞത്. പച്ചയായ ഹറാമുകളെക്കുറിച്ച് ഇസ്‌ലാമിന്റെ പ്രാഥമിക ധാരണയുള്ളവര്‍ പോലും നാക്കബദ്ധത്തില്‍ അത് ഹലാലാണ് എന്ന് പറയില്ല. മദ്യപാനം ഹലാലാണ് എന്ന് തെളിവുകള്‍ നിരത്തി ഒരു മുസ്‌ലിം അബദ്ധത്താല്‍ പറഞ്ഞ് പോകുമോ? എന്നിട്ടാണിപ്പോള്‍ തൗഹീദ് പ്രഭാഷകന് ഏറ്റവും വലിയ കൊടും പാപമായ ശിര്‍ക്ക്, തൗഹീദിന്റെ ലിസ്റ്റില്‍ വരുന്നത്!
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ് ഏകദൈവവിശ്വാസം. തൗഹീദിന്റെ കാര്യത്തില്‍ ഒരു സ്ഥായി ഭാവത്തിലേക്ക് ഇവര്‍ ഇനിയും ഉയര്‍ന്നിട്ടില്ല എന്നാണ് ഈ മറുപടിയും തുടര്‍ന്നുള്ള കുമ്പസാരവും അര്‍ഥമാക്കുന്നത്. പണ്ടൊക്കെ ഒരു തൗഹീദ് അപ്‌ഡേഷന് നാലഞ്ച് വര്‍ഷമൊക്കെ എടുത്തിരുന്നു.( 2007 ഏപ്രിലിലെ തൗഹീദ് അപ്‌ഡേറ്റ് ചെയ്തത് 2012 ലായിരുന്നല്ലോ) എന്നാല്‍, എല്ലാ കാലത്തേയും വാദം എന്ന് പറഞ്ഞ് സമര്‍ഥിച്ച കാര്യം വെറും അഞ്ച് ദിവസം കൊണ്ട് മാറുന്ന ഗിമ്മിക്ക് ലോകത്ത് കേരള വഹാബികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും.
അബദ്ധമല്ലെന്ന് കട്ടായമായി പറയാന്‍ മറ്റൊരു കാരണമുണ്ട്. പ്രഥമ പിളര്‍പ്പാനന്തര കാലത്ത് രൂപപ്പെട്ട നിര്‍വചനത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊന്നും ശിര്‍ക്കാവില്ല എന്ന ബോധ്യത്തിന്റെ ബോധപൂര്‍വമായ ഏറ്റുപറച്ചിലാണ് ആ മറുപടി എന്നതാണത്. ബോധ്യങ്ങളുടെ കുത്തുകള്‍ സഹിക്കുന്നതിനുമുണ്ടല്ലോ ഒരതിര്. മുമ്പും ഒരു മുഖാമുഖത്തില്‍ ഇദ്ദേഹം സമാനമായ കാര്യം പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ അന്ന് ഇത്ര തന്നെ സജീവമായിരുന്നില്ലാത്തത് ഭാഗ്യം.
പണ്ട് ജിന്ന് വിളിക്ക് ശിര്‍ക്ക് മോക്ഷം കിട്ടിത്തുടങ്ങിയത് മണ്ണാര്‍ക്കാട് സംവാദത്തില്‍ വെച്ചായിരുന്നല്ലോ. അന്ന് ഒഴുക്കന്‍ മട്ടില്‍ സംവാദകന്‍ പറഞ്ഞതിനെ ആരും വിമര്‍ശിച്ചില്ല. അതൊരു റിഹേഴ്‌സല്‍ ആയിരുന്നു. അങ്ങനെ അയാള്‍ പിന്നീട് അതൊരു ഒരു ക്യാമ്പയിനാക്കി. തുടര്‍ന്ന് അതൊരു പ്രസ്ഥാനമായി. അങ്ങനെ സംഘടന പിളര്‍ന്നു. അന്നത്തെ ശിഷ്യനാണ് ഗുരുവിന്റെ ശൈലിയില്‍ ഒരു അപ്‌ഡേഷന്‍ ശ്രമം ഇപ്പോള്‍ നടത്തുന്നത്. പക്ഷേ, ഗുരു പറഞ്ഞത് പോലെ ഒഴുക്കന്‍ മട്ടിലായില്ല. പണി പാളി.
എന്താണ് പ്രാര്‍ഥന എന്നതിനെ ചൊല്ലിയുണ്ടായ വിവാദം ആണല്ലോ വഹാബികള്‍ക്കിടയില്‍ ഉണ്ടായ ആദര്‍ശപരമായ പിളര്‍പ്പിന് കാരണമായി ഭവിച്ചത്. സൃഷ്ടികളുടെ കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടുന്നതാണ് പ്രാര്‍ഥന എന്നുപറഞ്ഞാണ് വിമത സംഘം പൊട്ടിപ്പുറപ്പെട്ടത്. അതുകൊണ്ട് ജിന്നുകളോട് അവരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത് പ്രാര്‍ഥനയല്ല എന്ന് വിമത വിഭാഗം സിദ്ധാന്തിച്ചു. ജിന്നിനെ വിളിച്ചു പ്രാര്‍ഥിക്കാന്‍ ഞങ്ങള്‍ ഇല്ല എന്ന് പറഞ്ഞ് ഔദ്യോഗിക വിഭാഗം വിമതരെ പുറത്താക്കി. നേരത്തെ പറഞ്ഞ നിര്‍വചനത്തില്‍ വിശ്വസിച്ച് ഗിരി പ്രഭാഷണങ്ങള്‍ നടത്തിയ പ്രഭാഷകര്‍ സംഘടന കണ്ണുരുട്ടിയപ്പോള്‍ പരസ്യമായി തൗബ ചെയ്ത് സംഘടനയില്‍ തങ്ങളുടെ നില ഭദ്രമാക്കി.
അതിന് കൂട്ടാക്കാതെ മാറിനിന്ന് വേറിട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ഇപ്പോള്‍ ‘മരിച്ചുപോയ മഹാനായ തിരുനബിയോട് ചോദിക്കുന്നതും ശിര്‍ക്കല്ല’ എന്ന് പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയും നിര്‍വചനം തന്നെയാണ് വില്ലന്‍. അഥവാ സൃഷ്ടികളുടെ കഴിവിന് അപ്പുറത്തുള്ളത് ഒന്നും ബിലാലുബ്‌നു ഹാരിസ് എന്ന സഹാബി ചോദിച്ചില്ലല്ലോ. അമ്പിയാക്കള്‍ അവരുടെ ഖബറില്‍ ജീവിച്ചിരിക്കുകയാണെന്നാണ് മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ്. ഒരു വിസ്ഡം പ്രഭാഷകന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അമ്പിയാക്കള്‍ അവരുടെ ഖബറില്‍ ജീവിച്ചിരിക്കുകയാണ് എന്ന് സമര്‍ഥിക്കുന്ന ഒരു ഗ്രന്ഥം തന്നെ ഇമാം ബൈഹഖിക്ക് ഉണ്ട്.
തിരുനബിക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നും നന്മ കാണുമ്പോള്‍ അവിടുന്ന് സന്തോഷിക്കുകയും തിന്മ കാണുമ്പോള്‍ നമുക്കു വേണ്ടി പൊറുക്കലിനെ തേടുന്നുവെന്നും ഹദീസില്‍ കാണാം. ബര്‍സഖീ ലോകത്ത് തിരുനബിക്ക് ശഫാഅത്ത് ഉണ്ട് എന്നത് സ്വഹീഹായ ഹദീസില്‍ നിന്ന് തന്നെവ്യക്തമാണ്. അപ്പോള്‍ വഫാത്തായ നബിയോട് ശിപാര്‍ശ ചെയ്യാന്‍ വേണ്ടി ആവശ്യപ്പെടുന്നത് സൃഷ്ടികളുടെ കഴിവിന് അതീതമായ കാര്യം ആവശ്യപ്പെടലല്ല; പ്രത്യുത സൃഷ്ടികള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവില്‍ നിന്നും ആവശ്യപ്പെടല്‍ തന്നെയാണ്. അപ്പോള്‍ അതില്‍ ശിര്‍ക്ക് വരുന്നുമില്ല.
നടേ പറഞ്ഞ നിര്‍വചനത്തിന്റെ ബലത്തില്‍ മനസ്സില്‍ താലോലിച്ച് നടക്കുന്ന ഒരു കിടിലന്‍ ആശയമാണ് മൗലവി പ്രഖ്യാപിച്ചുകളഞ്ഞത്. ഇവിടെയും കണ്ണുരുട്ടാന്‍ സംഘടന ഉണ്ടായിരുന്നു. കുമ്പസരിക്കാന്‍ മൗലവിയും. ഇനി നേരത്തെ വിമത സംഘം രൂപപ്പെട്ടത് പോലെ ഒരു സംഘത്തെ കൂടി പ്രതീക്ഷിക്കാം. ഒറ്റയായി ചിലരൊക്കെ അത് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ഹദീസുകള്‍ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് തന്നെ സങ്കല്‍പ്പിക്കുക. അല്ലാഹു അങ്ങനെ കഴിവ് നല്‍കിയിട്ടുണ്ടെങ്കില്‍, അത് കാരണമായി എന്നെ സഹായിക്കണേ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അപ്പോഴും നിര്‍വചനത്തിനു പുറത്ത് ആവുകയില്ല.
ഈയടുത്ത് മറ്റൊരു സലഫിയുടെ മറുപടിയും സാമൂഹിക മധ്യമങ്ങളില്‍ കേട്ടു. മരിച്ചവര്‍ കേള്‍ക്കുമെങ്കില്‍, അറിയുമെങ്കില്‍, അവര്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കട്ടെ എന്നുകരുതിയാണ് മഹാന്മാരെ വിളിക്കുന്നതെങ്കില്‍ അത് ശിര്‍ക്കല്ല എന്നായിരുന്നു അത്! തൗഹീദ് പ്രചാരണരംഗത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ ഫലം കാണുന്നു എന്നാണ് ഇതൊക്കെയും അര്‍ഥമാക്കുന്നത്.
ഈ നിര്‍വചന പ്രകാരം സൃഷ്ടികള്‍ക്ക് ഒരിക്കലും പ്രാപ്യമാവാത്ത കാര്യങ്ങളാണ് പ്രാര്‍ഥനയുടെ പരിധിയില്‍ വരിക. അഥവാ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങള്‍ സൃഷ്ടികള്‍ക്ക് ഉണ്ട് എന്ന് വിശ്വസിക്കുമ്പോഴാണ് ശിര്‍ക്ക് വരിക എന്ന് വരും. അതിലിപ്പോ ആര്‍ക്കും തര്‍ക്കവുമില്ലല്ലോ. മരിച്ചു പോയവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നവരും രോഗശമനം തേടുന്നവരും പരലോക രക്ഷ ആവശ്യപ്പെടുന്നവരുമൊക്കെ അവരൊക്കെ നേരിട്ട് ഈ കാര്യങ്ങളൊക്കെ നിവൃത്തിയാക്കിത്തരേണമേ എന്നല്ലല്ലോ ഉദ്ദേശിക്കുന്നത്; പ്രത്യുത, അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍. (ഉദാ: ദുആ/ ശഫാഅത്ത്/ ആഗ്രഹം) ചെയ്ത് തരാനും അത് കാരണമായി അല്ലാഹു അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തരാനുമാണ് തേടുന്നത്. ചുരുക്കത്തില്‍ കുമ്പസരിച്ചത് കൊണ്ട് മാത്രം തൗഹീദ് ശിര്‍ക്കാവില്ല; സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ഥന എന്ന പുതിയ വിസ്ഡം നിര്‍വചന പ്രകാരം ജിന്ന് വിളി മാത്രമല്ല ‘ഇസ്തിശ്ഫാ’ മാത്രമല്ല പ്രത്യക്ഷത്തിലുള്ള ഇസ്തിഗാസയും ശിര്‍ക്കാവില്ല!
ബോധ്യത്തിന്റെ ഏറ്റു പറച്ചില്‍ മാത്രമല്ല ഒരു ഹിഡന്‍ അജന്‍ഡ കൂടി ഈ അപ്‌ഡേഷനില്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. സുന്നികള്‍ ചെയ്യുന്നത് ഈ ഇസ്തിശ്ഫാ അല്ല എന്നും പ്രത്യുത അല്ലാഹുവിന് മാത്രം സവിശേഷമായ കാര്യങ്ങളില്‍ അവനെ പങ്ക് ചേര്‍ക്കുന്ന ആരാധനയായ പ്രാര്‍ഥനകള്‍ മാത്രമാണെന്നും വരുത്തിത്തീര്‍ക്കുക. അതിനായി അല്ലഹുവിനോട് തുല്യമായ അറിവും കഴിവും ശൈഖന്‍മാര്‍ക്കുണ്ടെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നതെന്ന് പുളുവടിക്കുക. അത് തെളിയിക്കാനെന്നോണം മുന്‍ഗാമികളുടെ മാതൃകകളില്ലാത്ത ചിലരുടെ ക്ലിപ്പുകള്‍ കാണിക്കുക. (അതു കൊണ്ട് മാത്രം അത് തെളിയില്ലെന്നത് വേറെ കാര്യം). പക്ഷേ, കാര്യങ്ങളുടെ അന്തര്‍ധാരകള്‍ തിരിയാത്ത വിസ്ഡം കുട്ടികള്‍ എല്ലാം കുളമാക്കിയല്ലോ മൗലവീ. ഒരടി പിഴച്ചു. ശൈഖിനെ പൂര്‍ണമായി തഖ്‌ലീദ് ചെയ്യണമായിരുന്നു. ബൈ ഗോണ്‍സ് ആര്‍ ബൈ ഗോണ്‍സ്.
………………
ഡോ.ഫൈസല്‍ അഹ്‌സനി സിദ്ദീഖി രണ്ടത്താണി
from www.sirajlive.com
Comments
Post a Comment