ഛത്തീസ്ഗഢ്
കാന്തപുരം ഉസ്താദ് എഴുതുന്നു: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വാർത്തകൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ഛത്തീസ്ഗഢിൽ ട്രെയിൻ യാത്രക്കിടെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലെ സംഭവമാണ്. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിർത്തികൾ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാൻ വന്ന പാവപെട്ട വിദ്യാർഥികളെ മനുഷ്യക്കടത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയിൽ ഓർക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തിൽ ഇന്ത്യക്കുള്ള യശസ്സ് അപകീർത്തിപ്പെടുത്താൻ ഇത്തരം സംഭവങ്ങൾ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമ...