*ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കരളലിയിക്കുന്ന കൂട്ടക്കുരുതിയുടെ ഓർമ്മകൾക്കിന്ന് 95 വയസ്സ്*.
 ഇരുമ്പ്‌ വാഗണിൽ പിടഞ്ഞുമരിച്ച ഈ ധീര ദേശാഭിമാനികളുടെ നടുക്കുന്ന ഓർമ്മയിലാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ ചെമ്മലശ്ശേരി കുരുവമ്പലം ഗ്രാമങ്ങൾ .
===================================
പുലാമന്തോൾ : മലബാറിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം വേട്ടയാടി പിടിച്ചവർക്ക് ശ്വാസവും വെളളവും കിട്ടാതെ റെയില്‍വേ വാഗണില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദുരന്ത നാളുകൾക്ക് 95 വയസ്സ് തികയുന്നു അന്ന് 1921-ലെ മലബാറിൽ മാപ്പിള ലഹളയെത്തുടർന്ന് നവംബർ 10-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച ആ കറുത്ത ദിനം ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് 
 വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ ബൃട്ടീഷുകാരുടെ ക്രൂരത നിറഞ്ഞ സംഭവത്തിന് വേദിയായത് തിരൂരായിരുന്നെങ്കിലും മരിച്ചവരിലേറെയും ചെമ്മലശ്ശേരി കുരുവമ്പലം ദേശങ്ങളിലുള്ള പാവപെട്ട കർഷകരായിരുന്നു വെത്രെ അത്താഴ പട്ടിണികളായ കർഷകകുടുംബങ്ങളിലെ ആണുങ്ങളെ ബ്രിട്ടീഷ് പട്ടാളം പിടിച്ചു കൊണ്ട് പോകുകയായിരുന്നുവിദേശാധിപത്യത്തോട് രാജിയാകാന്‍ ഒരിക്കലും സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാര്‍ക്കെതിരില്‍ ബോധപൂര്‍വ്വമായി ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യയായിരുന്നു വാഗണ്‍ ട്രാജഡി. ബൃട്ടീഷുകാർക്കെതിരെ നിലകൊണ്ടതിനു പക തീർക്കാൻ മാപ്പിളമാരെ വേട്ടയാടി നാടുകടത്താൻ ആസൂത്രിതമായി നടത്തിയ ഹീനകൃത്യംകൂടിയാണിത്.
യാത്രക്കിടയില്‍ ശ്വാസം മുട്ടിയും കണ്ണുതുറിച്ചും അന്ത്യം വരിച്ചവരില്‍ ആരും തന്നെ വാഗണ്‍ ദുരന്ത ചരിത്രത്തിലെ അധ്യായങ്ങളില്‍ ഇടം പിടിച്ചില്ല. മരിച്ച മുസ്ലിംകളെ തിരൂരിലെ കോരങ്ങത്ത് ജുമാമസ്ജിദിലെയും കോട്ടമസ്ജിദിലെയും ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. ഹൈന്ദവപോരാളികളെ പൊതുശ്മശാനത്തിലും മറവ് ചെയ്തു.
കുരുവമ്പലം, മമ്പാട്, തൃക്കലങ്ങോട്, നീലാമ്പ്ര, ചെമ്മലശ്ശേരി, പയ്യനാട്, പുന്നപ്പാല, പേരൂര്‍, മേല്‍മുറി, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു ഈ ക്രൂരകൃത്യത്തിന് ഇരയായത്. 72 പേരെ വാഗണിൽ തിരുകികയറ്റി ഇതിൽ 70 പേർ മരിച്ചു രണ്ടുപേർ രക്ഷപ്പെട്ടു.
 മരിച്ച 70 പേരിൽ 41 പേരും പുലാമന്തോൾ ഗ്രാമത്തിൽ ഉള്ളവരായിരുന്നു. ഇതിൽ 35 പേർ കുരുവമ്പലത്തുള്ളവരും 6 പേര്‍ വളപുരം ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്.

*വാഗണിൽ നിന്നും രക്ഷപെട്ട മലപ്പുറം കോട്ടപ്പടിയിലെ വയൽക്കര കൊന്നോല അഹമ്മദുഹാജി ദുരന്തത്തെ കുറിച്ച് വിവരിച്ചതിങ്ങനെ*  
"അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. എന്നെയും ജേഷ്ഠൻ യൂസുഫിനെയും പോലീസ് വീട്ടിൽ നിന്നും പിടിച്ചു. പുലാമന്തോൾ പാലം പൊളിച്ചുവെന്നായിരുന്നു. ഞങ്ങളുടെ പേരിലുള്ള കുറ്റം. ദിവസത്തിൽ ഒരു നേരം ആഴക്ക് ഉപ്പിടാത്ത ചോറായിരുന്നു ജീവൻ നിലനിർത്താൻ കിട്ടിയിരുന്നത്. ശൗച്യം ചെയ്യാൻ ഒരാഴ്ചക്കത്തേക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. ബയണറ്റ് മുനകളുടെ തലോടലേറ്റ് മുറിവുകളുടെ വേദന നിമിത്തം എഴുന്നേൽക്കാൻ പോലും വയ്യാതായി.
ഇരുപതാം തിയതി രാവിലെ ഞങ്ങളെ നന്നാലു പേരെവീതം കൂട്ടിക്കെട്ടി. കഴുതവണ്ടികളും കാളവണ്ടികളും തയ്യാറായി നിന്നിരുന്നു. . പട്ടാളക്കാർ ആയുധങ്ങളുമായി ഈ വണ്ടികളിൽ കയറിക്കൂടി. ഓരോ വണ്ടിക്കും ഇടയിലായി ഞങ്ങളെ നിർത്തി.വണ്ടികൾ‌ ഓടാൻ തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. ഓട്ടത്തിനൽപ്പം വേകത കുറഞ്ഞാൽ പിന്നാലുള്ള വണ്ടിയിൽ നിന്ന് നീണ്ടുവരുന്ന ബയണറ്റുകൾ ശരീരത്തിൽ ആ‍ഞ്ഞുതറയ്ക്കും. ഓടിയും ചാടിയും കുന്നും കുഴിയും മലയും വയലും താണ്ടി ഉച്ചയോടെ കോട്ടക്കൽ എത്തിച്ചേർന്നു.
ഞങ്ങൾക്കൊരുതുള്ളി വെള്ളം തരാൻ പോലും ആ കിരാതന്മാർക്ക് മനസ്സലിഞ്ഞില്ല. പട്ടാളക്കാർ ഭക്ഷണം കഴിച്ചവർ വണ്ടിയിൽ കയറി. സന്ധ്യയോടെ തിരൂറിലെത്തി. എല്ലാവരെയും പ്ളാറ്റ്ഫോമിൽ ഇരുത്തി. ഞങ്ങൾ ഇരിക്കുകയല്ല വീഴുകയായിരുന്നു. പലരും തളർന്നുറങ്ങിപ്പോയി.
ഏകദേശം അറുന്നൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. നിരവധി ഹിന്ദു സഹോദരന്മാരും കൂട്ടത്തിലുണ്ടായിരുന്നു. ഒരു സിഗരറ്റ് ടിന്നിൽ നാലുവറ്റ് ചോറുമായി പട്ടാളക്കാർ ഞങ്ങളെ വിളിച്ചുണർത്തി. ഞാൻ അന്നോളം ഇത്രയും സ്വാദുള്ള ഭക്ഷണം കഴിച്ചിട്ടില്ലന്ന് തോന്നിപ്പോയി. ഏഴു മണിയോടെയാണ് വാഗണുമായി വണ്ടി വന്നത്. വാതിൽ തുറന്നു പിടിച്ച് ഞങ്ങളെ വാഗണിൽ കുത്തിനിറക്കാൻ തുടങ്ങി. നൂറുപേർ അകത്തായപ്പോഴേക്കും പലരുടെയും പിൻഭാഗവും കൈകാലുകളും പുറത്തേക്ക് തള്ളിനിൽക്കാൻ തുടങ്ങിയിരുന്നു. തലയണയിൽ പഞ്ഞിനിറക്കുന്ന ലാഘവത്തോടെ തോക്കിൻ ചട്ടകൊണ്ട് അമർത്തിത്തള്ളി വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു. ഒക്കെ ഇരുകാലി മൃഗങ്ങളായ ഹിച്ച് കോക്കിന്റെ നിർദ്ദേശപ്രകാരം അകത്തുകടന്നവരുടെ കാലുകൾ നിലത്തു തൊട്ടിരുന്നില്ല.
ഇരുന്നൂറ് പാദങ്ങൾ ഒരുമിച്ചമരാനുള്ള സ്ഥലസൗകര്യം ആ വാഗണിനുണ്ടായിരുന്നില്ല. ഒറ്റക്കാലിൽ മേൽക്കുമേൽ നിലം തൊടാതെ യാത്ര തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാറ് ഞങ്ങൾ ആർത്തു കരഞ്ഞു.കൈയ്യെത്തിയവരൊക്കെ വാഗൺ ഭിത്തിയിൽ ആഞ്ഞടിച്ചു ശബ്ടമുണ്ടാക്കി. വാഗണിനകത്ത് കൂരാക്കൂരിരുട്ട്.വണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കാൻ പോകുന്നതായി തോന്നി. ഷോർണൂരായിരുന്നു അത്. ഞങ്ങൾ ശേഷിച്ച ശക്തിയെല്ലാം സംഭരിച്ച് നിലവിളിച്ചു.
ആരും സഹായത്തിനു വന്നില്ല. അപ്പോഴേക്കും പലരും മേൽക്കുമേൽ മലർന്നുവീഴാൻ തുടങ്ങിയിരുന്നു. അറിയാതെ മലമൂത്ര വിസർജ്ജനവും . കൈക്കുമ്പിളിൽ മൂത്രമൊഴിച്ച് കുടിച്ച് ദാഹം തീർക്കാൻ വിഫലശ്രമം നടത്തി. സഹോദരന്റെ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ നക്കിത്തുവർത്തി നോക്കി. ദാഹം സഹിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുവലിക്കാനും പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തിൽ സഹോദര മിത്ര ബന്ധം മറന്നു. ശരിയും തെറ്റും വേർതിരിച്ചറിയുന്ന മനസ്സ് നഷ്ടപ്പെട്ടു. ഞാനും യൂസുഫും കാക്കയും ചെന്നു വീണത് അസ്രായീലിന് തൽക്കാലം പിടികിട്ടാത്ത ഓരത്തിയിരുന്നു. എങ്ങിനെയോ ഇളകിപ്പോയ ഒരു ആണിയുടെ പഴുതുള്ള ഭാഗ്യസ്വർഗ്ഗത്തിൽ ദ്വാരത്തിൽ മാറിമാറി മൂക്കുവെച്ച് പ്രാണൻ പോകാതെ ഒപ്പിച്ചു. എങ്കിലും കൂറേക്കഴിഞ്ഞപ്പോൾ ബോധം നഷ്ടമായി.
ബോധം തെളിഞ്ഞുനോക്കുമ്പോൾ നാലഞ്ചുപേർ ഞങ്ങളുടെ മേൽ മയ്യത്തായി കിടക്കുന്നു. പുലർച്ചെ നാലു മണിക്കാണ് വണ്ടി പോത്തന്നൂർ സ്റ്റേഷനിലെത്തിയത്. ആ പാപികൾ വാതിൽ തുറന്നു. മുറിക്കുള്ളിൽ കണ്ട ഭീകര ദൃശ്യം ആ പിശാചുകളെ തന്നെ ഞട്ടിച്ചു. 64 പേരാണ് കണ്ണുതുറിച്ച് ഒരുമുഴം നാക്കുനീട്ടി മരിച്ചുകിടക്കുന്നത്. 60 മാപ്പിളമാരും 4 തിയ്യമാരും. മലം, മൂത്രം, രക്തം , വിയർപ്പ് ഇതെല്ലാം കൂടി മത്തി മസാല വച്ചതുപോലെ...
തണുത്ത വെള്ളം വാഗണിലേക്ക് കോരിയൊഴിക്കാൻ തുടങ്ങി. തണുത്തു വിറങ്ങലിക്കാൻ തുടങ്ങിയപ്പോൾ ജീവൻ രക്ഷിച്ചവർ ഒന്നു പിടഞ്ഞു. ഞങ്ങളെ നേരെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെ ഏറ്റെടുക്കാൻ പോത്തന്നൂർ സ്റ്റേഷൻ മാസ്റ്റർ‌ തയ്യാറായില്ല. ജീവനില്ലാത്തവരെ തീരൂരിലേക്കുതന്നെ മടക്കി. ആശുപത്രിയിലെത്തും മുമ്പ് എട്ടുപേർ കൂടി മരിച്ചു. അവശേഷിച്ചത് ഞാനടക്കം ഇരുപത്തിയെട്ടുപേരായിരുന്നു 
 *ഈ ക്രൂരകൃത്യത്തിൽ രക്തസാക്ഷിത്വം വരിച്ച ഈ ദേശത്തുകാരുടെ ഓർമ്മക്കായി ഭരണകൂടങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ലെങ്കിലും ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കുരുവമ്പലത്തെ വാഗൺ ട്രാജഡി സ്മാരക മന്ദിരം. ഇന്നും ഈ ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾ നാടിനു പകർന്നു നൽകുന്നുണ്ട്*

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات