നബിദിനത്തെ എതിർക്കാനാകാതെ

നബിദിനത്തെ എതിര്‍ക്കാനാകാതെ

Posted on: January 1, 2015 Siraj Dialy Newspaper

റബീഉല്‍ അവ്വല്‍ മാസം വന്നതോടെ സമുചിതമായി ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും അന്നദാനവും പ്രഭാഷണങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ കേരളത്തിന്റെ ചില കോണുകളില്‍ മാത്രം ചിലര്‍ പ്രവാചക പ്രകീര്‍ത്തനങ്ങളെയും അന്നദാനത്തെയും എതിര്‍ത്തിരിന്നു.
എന്നാല്‍, പതിവിനു വിപരീതമായി പ്രവാചക ജന്മ ദിനം കൊണ്ടാടുന്നതിനും മൗലിദ് പാരായണം ചെയ്യുന്നതിനുമെതിരെ നോട്ടീസുകളും പോസ്റ്ററുകളും കാണുന്നില്ല. പ്രസംഗങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നബി (സ)യുടെ ജന്മദിനത്തിനെതിരെ എതിര്‍ത്ത് വന്നിരുന്നവര്‍ താരതമ്യേന നിശ്ശബ്ദരാണ്. ലോകം മുഴുവന്‍ നബി (സ)യുടെ ജന്മ ദിനം കൊണ്ടാടുന്നത് മാധ്യമങ്ങളിലൂടെ വ്യക്തമായപ്പോള്‍ അണികളെ എതിര്‍പ്പിന്റെ ന്യായം ബോധ്യപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാകണം ഈ നിശ്ശബ്ദതക്ക് കാരണം. സോഷ്യല്‍ മാധ്യമങ്ങളുടെ സാന്നിധ്യവും വിവര സാങ്കേതിക വിദ്യയുടെ വ്യാപനവുമെല്ലാം ലോകത്തെല്ലായിടത്തും നടക്കുന്ന നബിദിനാഘോഷ പരിപാടികള്‍ നമ്മുടെ കണ്‍മുമ്പിലെത്തിക്കുന്നു. ഇനി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പഴയ പോലെ അത്ര എളുപ്പമല്ല.
നബി (സ) യുടെ പേരില്‍ നിങ്ങള്‍ ഒരു സ്വലാത്ത് ചെല്ലുമ്പോള്‍ പത്ത് ദോഷങ്ങള്‍ പൊറുക്കുമെന്നും പത്ത് നന്മകള്‍ ചേര്‍ക്കപ്പെടുമെന്നും വെള്ളിയാഴ്ച രാവിലും വെള്ളിയാഴ്ച ദിവസം ജുമുഅക്ക് മുമ്പും പ്രവാചകന്റെ പേരില്‍ ചൊല്ലുന്ന സ്വലാത്ത് പ്രവാചകന് നേരിട്ട് ലഭിക്കുമെന്നുമൊക്കെയുള്ള ഹദീസുകള്‍ പ്രബലമാണെന്ന് പുത്തന്‍ ആശയക്കാരും സമ്മതിക്കുന്നുണ്ടെങ്കിലും പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതോ ചൊല്ലാന്‍ അണികളെ പരസ്യമായി പ്രേരിപ്പിക്കുന്നതോ കാണാറില്ല. മുഹമ്മദ് നബി (സ) യെ ആദരിക്കുന്നത് ശിര്‍ക്കാണെന്ന് ഭയന്ന് നടന്നിരുന്നവര്‍ അല്ലാഹു പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു എന്ന വചനം ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ സ്വലാത്തിനെ എതിര്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരികയാണുണ്ടായത്. എന്നാല്‍, ഇവരുടെ മുന്‍ഗാമികള്‍ സ്വലാത്തിനെ പ്രോത്സാഹിപ്പിക്കാത്തതിനാല്‍ എന്തുചെയ്യുമെന്ന ധര്‍മ സങ്കടത്തിലാണിവര്‍.
നബിയുടെ ജന്മദിനം ഏത് ദിവസമാണെന്ന് വ്യക്തമല്ലെന്ന വാദം ഉന്നയിച്ചാണ് ജന്മദിനത്തെ ചിലര്‍ എതിര്‍ക്കുന്നത്. എന്നാല്‍ പ്രവാചകന്റെ ജനനം റബിഉല്‍ അവ്വല്‍ 12 നാണെന്ന് പ്രബലമായ അഭിപ്രായമുള്ളതും നബി (സ) ജനിച്ച ദിവസത്തിന് സ്വഹാബത്ത് മുതല്‍ പില്‍ക്കാല മുസ്‌ലിംകള്‍ വരെ പ്രത്യേകത കല്‍പ്പിച്ചിരുന്നുവെന്നും നബി (സ) ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടെന്നും പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയതാണ്. സ്വഹാബത്തിന്റെ കാലത്ത് പ്രവാചകരുടെ ജന്മദിനത്തെ പറ്റിയോ പ്രവാചകന്റെ ജനന സ്ഥലം സന്ദര്‍ശിക്കുന്നതിനെതിരെയോ യാതൊരു എതിരഭിപ്രായവും ഉണ്ടായിട്ടില്ല.
അബ്ദുസ്സലാം സുല്ലമി എടവണ്ണ എഴുതിയ ‘ഹദീസുകള്‍ ദുര്‍ബലതയും ദുര്‍വ്യാഖ്യാനങ്ങളും’ എന്ന പുസ്തകത്തില്‍ നബി (സ) ജനിച്ചത് റബിഉല്‍ അവ്വല്‍ മാസത്തില്‍ 12-ാം തീയ്യതിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു കാര്യം സമര്‍ഥിക്കാന്‍ വേണ്ടി മറ്റൊരു തര്‍ക്കവിഷയം അംഗീകരിക്കുന്ന രീതിയാണ് ‘സലഫി പണ്ഡിതന്മാര്‍’ പലപ്പോഴും അനുവര്‍ത്തിച്ച് വരുന്നത്. നബി (സ)യുടെ ജന്മദിവസത്തെ പറ്റി തര്‍ക്കമില്ലെന്ന് ഇതില്‍ നിന്നും നമ്മുക്ക് മനസ്സിലാക്കാം.
ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: തിങ്കളാഴ്ച നോമ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു: ‘ആ ദിവസത്തിലാണ് ഞാന്‍ ജനിച്ചതും പ്രവാചകനായതും. എന്റെ മേല്‍ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും.’ പ്രവാചകന്മാരുടെ ജന്മ ദിനം ഖുര്‍ആന്‍ ഇറക്കപ്പെട്ട ദിവസം പോലെയും നുബുവ്വത്ത് ലഭിച്ച ദിവസം പോലെയും പ്രാധാന്യം ഉള്ളതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ജനനവും മരണവും ഒരേ മാസത്തിലെ ഒരേ ദിവസമാക്കി അല്ലാഹു ഈ ദിവസത്തിന് പ്രത്യേക വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
ഇമാം ഖസ്തല്ലാനി(റ)ന്റെ വാക്കുകളില്‍: ഇസ്‌ലാമിന്റെ ആളുകള്‍ നബി (സ)യുടെ ജന്മമാസത്തില്‍ സംഘടിക്കുകയും പ്രത്യേക സദ്യകള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരായിയിരുന്നു. ജന്മ മാസത്തിന്റെ രാവുകളില്‍ അവര്‍ വ്യത്യസ്തങ്ങളായ ദാനധര്‍മങ്ങള്‍ ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും സത്കര്‍മങ്ങളില്‍ വര്‍ധന വരുത്തുകയും നബി(സ)യുടെ മൗലിദ് പാരായണം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരിക്കുന്നു.” (അല്‍ മാവാഹിബുല്ലദ്ദുന്നിയ്യ: വാ:1, പേജ്: 139)

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات