ശരീഅത്ത് .. ഏക സിവിൽ കോഡ്

നിര്‍വചിക്കുന്നില്ല. അത് വ്യാഖ്യാനിച്ച് ഒരു ‘പുരോഗമന ജനതയുടെ’ ജീവതാളങ്ങളെ നിര്‍ണയിക്കാനുള്ള അവകാശം നീതിപീഠങ്ങളില്‍ നിക്ഷിപ്തമാണ്. പടിഞ്ഞാറന്‍ സങ്കല്‍പത്തിലുള്ള മതനിരപേക്ഷതയല്ല നവഭാരത ശില്‍പികളുടെ വിഭാവനയിലുണ്ടായിരുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു ഭിത്തി നമ്മുടെ ഭരണഘടനാ പദ്ധതിയില്‍ സങ്കല്‍പിക്കുന്നില്ല. ഇന്ത്യയുടെ സാമൂഹിക ജീവിതാനുഭവങ്ങളുടെയും ബുദ്ധിസാമര്‍ഥ്യത്തിന്റെയും ഉല്‍പന്നമാണ് മതേതരത്വമെന്ന് പി.കെ ത്രിപാഠി (‘Secularism: Constitutional Provisions and Judicial Review P.K Tripathi)  നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനാനിര്‍മാണ സഭയിലെ ചര്‍ച്ചകളിലൂടെ സൂക്ഷ്മമായി സഞ്ചരിച്ചാല്‍ സെക്കുലറിസത്തെകുറിച്ച് മൂന്ന് കാഴ്ചപ്പാടുകളാണ് ഭരണഘടനാ ശില്‍പികള്‍ വെച്ചുപുലര്‍ത്തിയതെന്ന് കാണാം. ഒന്നാമതായി, മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചുകാണുന്ന സിദ്ധാന്തം. രണ്ട് മതവും രാഷ്ട്രീയവും തമ്മില്‍ പരസ്പര ബന്ധമില്ലാത്ത അവസ്ഥ. എല്ലാ മതങ്ങള്‍ക്കും തുല്യആദരവും മതങ്ങള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യവും വകവെച്ചുകൊടുക്കുന്ന സംവിധാനമാണ് മൂന്നാമത്തേത്. സ്വാതന്ത്ര്യലബ്ധി തൊട്ട് പ്രായോഗിക തലത്തില്‍ നാം അനുവര്‍ത്തിച്ചുപോന്നത് മൂന്നാമത്തെ സങ്കല്‍പത്തെ നിദാനമാക്കിയാണ്.

നമ്മുടെ രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ ജനാധിപത്യത്തിന്റെ സുഗമമായ പ്രയോഗവത്കരണത്തിനും ദേശീയ ഉദ്ഗ്രഥനത്തിനും വേണ്ടി സെക്കുലറിസം അനിവാര്യ ഘടകമാക്കി മാറ്റുന്നു. മതപരവും സാംസ്‌കാരികവുമായ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഭീഷണിയിലാവുന്നതോടെ ഭൂരിപക്ഷത്തിന്റെ ആധിപത്യം (Majoritianism)  ആയിരിക്കും ഫലം. ഏകീകൃത സിവില്‍കോഡിനെ കുറിച്ച് ഭരണഘടനാ നിര്‍മാണ സഭയില്‍ ചൂടേറിയ ചര്‍ച്ച ഉയര്‍ന്നപ്പോള്‍ ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് യൂണിഫോം സിവില്‍കോഡ് മാര്‍ഗനിര്‍ദേശകതത്ത്വങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ പുറത്താണെന്നും മതസമൂഹത്തിനു ഈ ദിശയില്‍ ‘ഓട്ടോണമി’ തന്നെ ഉണ്ടെന്നും ന്യായാസനങ്ങള്‍ തന്നെ വിധിക്കുകയുണ്ടായി. 1954ലെ നരസു അപ്പാ മാലി കേസില്‍  (State of Bombay VS Narasu Appa Mali AIR 1952 , Bombay 1954 )  മുസ്‌ലിം വ്യക്തിനിയമം സാധാരണ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പോലും അത് റദ്ദാക്കെപ്പേടണ്ടതില്ലെന്നും നീതീപീഠം ഓര്‍മപ്പെടുത്തുകയുണ്ടായി. ഷാബാനുബീഗം കേസ്, സരള മുദ്ഗല്‍ കേസ്, ജോണ്‍വല്ലമറ്റം കേസ് തുടങ്ങിയ വിധികളില്‍ സുപ്രീംകോടതി പൊതുസിവില്‍കോഡിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുകയും അതുവഴി വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തപ്പോള്‍ ആത്യന്തിക ലക്ഷ്യമായി എടുത്തുകാട്ടിയത് ദേശീയോദ്ഗ്രഥനം (National integration )ആണ്. രാജ്യത്തെ ജനങ്ങള്‍ക്ക് മൊത്തം ബാധകമാവുന്ന സിവില്‍ നിയമം കൊണ്ടുവന്ന് സാമൂഹിക വ്യവഹാരങ്ങളെ ഏകീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അത് പ്രായോഗികതലത്തില്‍ ചെന്നെത്തുന്നത് ഏക സംസ്‌കാരത്തിലാണ്(Uniculturalism). ബഹുസംസ്‌കൃതിയുടെ വിളനിലമായ ഒരു രാജ്യത്തിന്റെ ജൈവിക സത്തയെ നിരാകരിക്കുന്ന ഈ കാഴ്ചപ്പാട് വ്യതിരിക്തമായ മതസാംസ്‌കാരിക സ്വത്വം അവകാശമായി കരുതുന്ന ന്യൂനപക്ഷങ്ങളുടെ മൗലികാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ഈ വിഷയം ആഴത്തില്‍ പഠിച്ച സംഗമിത്ര പാധി, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വ്യവസ്ഥിതി നിലവില്‍ വരുന്നതോടെ മതേതരത്വത്തിന്റെ അടിത്തറ തന്നെ ഇടിഞ്ഞുവീഴുകയാണെന്ന നിഗമനത്തില്‍ എത്തുന്നത് കാണുക: മതപരമായ വ്യക്തിനിയമവുമായി ബന്ധപ്പെട്ട പ്രശ്‌നം മതേതരത്വത്തിന്റെ മറ്റൊരു തലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്: അതായത്, പരിമിത മതേതരത്വം. സിദ്ധാന്തപരമായി, സെക്കുലറിസം എന്നാല്‍ എല്ലാ മതങ്ങളോടുമുള്ള തുല്യമായ ബഹുമാനവും സ്വാതന്ത്ര്യവുമാണ്. ഒരുമതത്തോടും വിവേചനമില്ല, മതപരവും മതേതരവുമായ കാര്യങ്ങളുടെ വേര്‍തിരിവുമാണത്. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സുരക്ഷയില്ലെങ്കില്‍ മതേതരത്വം ഭൂരിപക്ഷാധിപത്യമാണ്.

ശരീഅത്ത് കടന്നുവന്ന വഴികളിലൂടെ
ഏഴെട്ട് നൂറ്റാണ്ടുകാലം ഇന്ത്യാ ഉപഭൂഖണ്ഡം മുസ്‌ലിം ഭരണത്തിലായിരുന്നതിനാല്‍ ശരീഅത്ത് രാജ്യത്തിനു അപരിചിതമായ നിയമവ്യവസ്ഥയല്ല. സുല്‍ത്താന്മാരുടെയും മുഗിളന്മാരുടെയും കാലഘട്ടത്തില്‍ ഇസ്‌ലാമിക നിയമവ്യവസ്ഥയായിരുന്നു ഔദ്യോഗികമായി നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഒരിക്കലും അത് പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കിയിരുന്നില്ല. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഖാദിമാരാണ് ശിക്ഷവിധിക്കാറെങ്കിലും കൈവെട്ടുന്ന ശിക്ഷാവിധികളായിരുന്നില്ല പ്രയോഗത്തിലുണ്ടായിരുന്നത്. ഭൂരിപക്ഷംവരുന്ന ഹിന്ദു പ്രജകളുടെ സിവില്‍നിയമങ്ങളില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍, മുഗിളഭരണം ശിഥിലീഭവിക്കുകയും ബ്രിട്ടീഷ് കോളനി ശക്തികളുടെ കൈകളിലേക്ക് അധികാരം കൈമാറപ്പെടുകയും ചെയ്തതോടെ ഖാദിമാര്‍ പേരിനുമാത്രമായി. നിയമപരമായ ഒരു തരത്തിലുള്ള അരാജകത്വം തന്നെ രാജ്യത്ത് ഉടലെടുത്തു. 1772ല്‍ വാറന്‍ ഹേസ്റ്റിംഗസ് ബംഗാള്‍ ഗവര്‍ണറായി നിയമിതനായതോടെ നിയമനിര്‍മാണം, നീതിന്യായം, പൊതുഭരണം എന്നിവയുടെ ചുമതല ബ്രിട്ടീഷുകാര്‍ നേരിട്ടേറ്റെടുത്തു. ശരീഅത്ത് നിയമം റദ്ദാക്കുകയായിരുന്നു ആദ്യനടപടി. അതേസമയം, സിവില്‍ നിയമങ്ങള്‍ അതേപടി നിലനിര്‍ത്തി. അങ്ങനെ മുസ്‌ലിംകളുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വഖഫ് തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമമായിരിക്കും ബാധകമാവുക എന്ന നില വന്നു.
എന്നാല്‍, രാജ്യത്തൊട്ടാകെ ശരീഅത്ത് ഒരുപോലെ നടപ്പാക്കിയിരുന്നില്ല. 1935വരെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ പിന്തുടര്‍ച്ചാവകാശം നിയന്ത്രിച്ചിരുന്നത് ഹിന്ദുനാട്ടാചാരവും മറ്റു നിയമങ്ങളുമായിരുന്നു. മലബാറില്‍ നായര്‍ സമുദായത്തെ പിന്തുടര്‍ന്ന് മരുമക്കത്തായ സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. ശരീഅത്തിനെ നിരാകരിക്കുന്ന ഇത്തരമൊരു സമ്പ്രദായം മുസ്‌ലിം സമൂഹത്തില്‍ വേരോടിയത് മുഹമ്മദലി ജിന്നയെ പോലുള്ളവരെ പോലും ആശ്ചര്യപ്പെടുത്തിയിരുന്നു. അങ്ങനെ പണ്ഡിതന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും മുന്‍കൈ എടുത്താണ് 1937ലെ മുസ്‌ലിം വ്യക്തിനിയമംശരീഅത്ത് അപ്‌ളിക്കേഷന്‍ ആക്ട് പാസാക്കുന്നത്. മുസ്‌ലിം വ്യക്തി നിയമം ഏതെല്ലാം മേഖലകളില്‍ മുസ്‌ലിംകള്‍ക്ക് ബാധകമാക്കുന്നുവെന്ന് വിവരിച്ചുകൊണ്ട് മൂന്നാം വകുപ്പ് പറയുന്നത് ഇങ്ങനെ: – ഇതിനുവിരുദ്ധമായ നാട്ടുനടപ്പോ ആചാരമോ നിലനില്‍ക്കുകയാണെങ്കിലും ശരി, (കൃഷിഭൂമി തുടങ്ങിയുള്ള വിഷയങ്ങളിലൊഴികെ) പിന്തുടര്‍ച്ചാവകാശം, വ്യക്തിനിയമത്തിന്‍ കീഴില്‍ ദാനമായോ കരാര്‍പ്രകാരമോ ലഭിച്ച സ്ത്രീകളുടെ പ്രത്യേക ഭൂമി, വിവാഹം, തലാഖ്, ഇലാഅ്, സിഹാര്‍, ലിആന്‍, ഖുല്‍അ്, മുബാറആത് അടക്കമുള്ള വിവാഹഭഞ്ജനം, ജീവനാംശം, രക്ഷാകര്‍തൃത്വം, പാരിതോഷികം, ട്രസ്റ്റ്, ട്രസ്റ്റ് സ്വത്തുക്കള്‍, വഖഫ് തുടങ്ങിയ വിഷയങ്ങളില്‍ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അനുസരിച്ചായിരിക്കും തീരുമാനങ്ങള്‍ എടുക്കുക.”

ശരീഅത്ത് വിരുദ്ധര്‍ ആക്രോശിക്കുന്നത് പോലെ മുല്ല എന്ന പാര്‍സി നിയമജ്ഞന്‍ എഴുതി ഉണ്ടാക്കിയതല്ല മുസ്‌ലിം വ്യക്തി നിയമങ്ങള്‍. പ്രിന്‍സിപ്പ്ള്‍സ് ഓഫ് മുഹമ്മദന്‍ ലോ എന്നപേരില്‍ നിയമക്രോഡീകരണം നടത്തിയതിനാലാണ് ഒരു പാര്‍സിയാണ് ശരീഅത്ത് നിയമത്തിന്റെ ഉപജ്ഞാതാവ് എന്ന അബദ്ധധാരണ രൂഢമൂലമായത്. മുസ്‌ലിം ഭരണകാലത്ത് പണ്ഡിതന്മാരായ ഖാദിമാരും ആധുനിക കാലത്തെ മുസ്‌ലിം നിയമജ്ഞരും ആധികാരിക ഗ്രന്ഥങ്ങള്‍ അവലംബിച്ച് പുറപ്പെടുവിച്ച വിധിന്യായങ്ങളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്). ശരീഅത്ത് നിയമം തച്ചുടച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന എഴുത്തുകാരി ഖദീജ മുംതാസിനെ പോലുള്ളവര്‍ കാര്യം മനസ്സിലാക്കാതെയാണ് വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത്. അവര്‍ പറയുന്നത് നോക്കൂ: ”’മുസ്‌ലിം വ്യക്തിനിയമങ്ങളെന്നോ ശരീഅത്ത് നിയമങ്ങളെന്നോ പേരില്‍ അതീന്ദ്രശക്തിയാല്‍ കല്ലില്‍ കൊത്തിവെയ്ക്കപ്പെട്ടവയൊന്നുമല്ല ഇവയൊന്നും. വേദഗ്രന്ഥത്തില്‍ കൃത്യമായി അക്കമിട്ടു നിരത്തി വെയ്ക്കപ്പെട്ടിട്ടുമില്ല. ഖുര്‍ആനില്‍ അവിടവിടെ ചിതറിക്കിടക്കുന്ന ചില ഉണര്‍ത്തല്‍ വാചകങ്ങളും അന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് തീര്‍പ്പുകളായി വന്ന നബി വചനങ്ങളും (ഹദീസുകള്‍) മാത്രമല്ല, നൂറ്റാണ്ടുകള്‍ കൊണ്ട് ഇന്ത്യയില്‍ ഉണ്ടായിവന്ന സങ്കര സംസ്‌കാരത്തിന്റെ സ്വാധീനത്താല്‍ ഉരുത്തിരിഞ്ഞ നാട്ടാചാരങ്ങളുംവരെ കൂട്ടിക്കലര്‍ത്തി തട്ടിക്കൂട്ടിയുണ്ടാക്കിയവയാണ് 1937ലെ മുഹമ്മദന്‍സ് ലോ എന്ന ഇന്നത്തെ മുസ്‌ലിം വ്യക്തിനിയമസംഹിത.”’പരിഷ്‌കരണത്വരയുമായി നെട്ടോട്ടമോടുന്ന എല്ലാവരും തലയിലേറ്റി നടക്കുന്ന വിവരക്കേടും അബദ്ധധാരണയുമാണ് ഈ വാചകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുഹമ്മദന്‍ ലോ എന്ന ഒരു നിയമ സംഹിത ശരീഅത്തിലില്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വ്യക്തിനിയമങ്ങള്‍ ഉള്ളത് കൊണ്ടാണ് മുസ്‌ലിംവ്യക്തിനിയമം എന്ന പ്രയോഗം വന്നത്. ഏതെങ്കിലും വക്കീല്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതോ കെട്ടിച്ചമതോ അല്ല. ആധികാരിക പണ്ഡിതന്മാര്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആ കാലഘട്ടത്തിലെ നിയമനിര്‍മാണ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കിയെടുത്ത നിയമ സംഹിതയാണിത്. ശരീഅത്തിന്റെ അടിസ്ഥാനതത്ത്വങ്ങളോട് ഇണങ്ങാത്ത തീര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ജനായത്താടികാരം ഉപയോഗിച്ച് അപ്പപ്പോള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ശക്തി. പരാജയപ്പെട്ട ദാമ്പത്യങ്ങളില്‍നിന്ന് മോചിതരാവാന്‍ വഴി ഇല്ലാതെ വരുമ്പോള്‍ മതപരിത്യാഗത്തിനു പോലും ഒരുവേള മുസ്‌ലിം സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ട സാഹചര്യത്തില്‍ പണ്ഡിതന്മാരുടെ സജീവമായ ഇടപെടലുകളുടെ ഫലമായാണ് 1939ലെ മുസ്‌ലിം വിവാഹഭഞ്ജന നിയമം (THE DISSOLUTION OF MUSLIM MARRIAGES ACT, 1939 ) പാസാക്കിയെടുക്കുന്നത്. പുരുഷന്മാര്‍ക്ക് മാത്രമല്ല, പരാജയപ്പെട്ട വിവാഹബന്ധത്തില്‍നിന്ന് തലയൂരാന്‍ സ്ത്രീകള്‍ക്കുമുള്ള അവകാശത്തെ ക്രോഡീകരിച്ച നല്ലൊരു നിയമനിര്‍മാണമാണിത്. ശരീഅത്തിനു വിരുദ്ധമായി അതില്‍ വല്ല വ്യവസ്ഥയും കടന്നുകൂടിയതായി ഒരു പണ്ഡിതനും ഇതുവരെ ചൂണ്ടിക്കാണിച്ചതായി അറിയില്ല. അതേസമയം, ഇങ്ങനെയൊരു നിയമം പുസ്തകത്തില്‍ ഉറങ്ങിക്കിടക്കുന്ന കാര്യം പല ‘പുരോഗമനവാദികള്‍ക്കും’ അറിയില്ല എന്നതാണ് സത്യം.

ശരീഅത്ത് പ്രായോഗിക നിയമം നിലവില്‍ വന്ന് ഒരു ഒന്നരപതിറ്റാണ്ട് കഴിഞ്ഞാണ് ഭരണഘടന നിലവില്‍വരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ വ്യക്തിനിയമത്തിനു നിയമ ്രപാബല്യമുണ്ടാവില്ലെന്ന് ഭരണഘടനയോ ന്യായാസനങ്ങളോ ഒരിടത്തും പറയുന്നില്ല. എന്ന് മാത്രമല്ല, ഭരണഘടനയുടെ 25, 26 ഖണ്ഡികകള്‍ പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ തുടര്‍ച്ച കൂടിയാണ് ഈ നിയമവ്യവസ്ഥയെന്ന് എത്രയോ തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇടക്കിടെ ഉണ്ടാവുന്ന കോടതിവിധികളില്‍ ശരീഅത്ത് വിരുദ്ധ പരാമര്‍ശങ്ങള്‍ കയറിക്കൂടുന്നത് മുസ്‌ലിം നിയമസംഹിതയെ വേണ്ടവിധം മനസ്സിലാക്കാത്തത് കൊണ്ടാണ്. മുസ്‌ലിം ദമ്പതിമാര്‍ തമ്മിലുള്ള വിവാഹ മോചനം സിവില്‍ നടപടി ചട്ടങ്ങളും ഇന്ത്യന്‍ തെളിവ് നിയമവും പ്രകാരം കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം മുംബൈ ഹൈകോടതി ആവശ്യപ്പെട്ടത്. മൂന്ന് ത്വലാഖ് ചൊല്ലി വിവാഹമോചനം നടത്താനുള്ള മുസ്‌ലിം പുരുഷന്റെ അവകാശം നിരുപാധികമല്ല എന്നാണ് മൂന്നംഗബെഞ്ചിന്റെ നിഗമനം.

ശരീഅത്ത് എന്ന ഇസ്‌ലാമിക നിയമവ്യവസ്ഥയോടുള്ള വിരോധത്തിനു കാരണം അതിന്റെ സാര്‍വകാലികവും സാര്‍വജനീനവുമായ പ്രസക്തിയോടുള്ള അസൂയയാണ്. എല്ലാ നിയമസംഹിതകളും കാലത്തിന്റെ അപ്രതിഹത പ്രവാഹത്തില്‍ കാലഹരണപ്പെടുമ്പോള്‍ അല്ലാഹുവിന്റെ അനുശാസനങ്ങള്‍ എന്നും പ്രസക്തമായി നില്‍ക്കുന്നു. അതിനോടുള്ള വെല്ലുവിളിയാണ് ശരീഅത്ത് വിവാദത്തിന്റെ പേരിലുള്ള വിവാദങ്ങള്‍. ഇസ്‌ലാമും മുസ്‌ലിം സമൂഹവും നിലനില്‍ക്കുന്ന കാലത്തോളം അത് തുടരും.

ശാഹിദ്


ശരീഅത്ത്: ഭരണഘടന എവിടെനില്‍ക്കുന്നു? added by Risala Weekly on May 6, 2016
View all posts by Risala Weekly →

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

ഖുർ‌ആനിൽ പുള്ളികളും ഹർക്കത്തുകളും